ഓണം അടിപൊളിയാക്കാന്‍ സര്‍ക്കാര്‍; രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അക്കൗണ്ടിലെത്തും; 1700 കോടി അനുവദിച്ച് ഉത്തരവ്

ഈ മാസം 11 മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം

Update: 2024-09-06 12:27 GMT

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ഈ മാസം 11 മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം നടത്തും. 4500 കോടിരൂപ കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായത്. ഇതോടെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന പണമാണ് മുന്‍കൂറായി എടുക്കാന്‍ അനുവദിച്ചത്.

1600 രൂപയാണ് ഗുണഭോക്താവിന് മാസം ലഭിക്കുക. ഒപ്പം ഒരുമാസത്തെ കുടിശികയും ലഭിക്കും. ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ വരുന്നവര്‍ക്ക് അത്തരത്തിലും വീട്ടില്‍ പെന്‍ഷന്‍ എത്തുന്നവര്‍ക്ക് സഹകരണ സംഘം ജീവനക്കാര്‍ വഴിയും പെന്‍ഷന്‍ ലഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ അഞ്ച് മാസത്തെ കുടിശികയുണ്ട്. ഇതില്‍ രണ്ടെണ്ണം ഈ സാമ്പത്തിക വര്‍ഷവും മൂന്നെണ്ണം അടുത്ത വര്‍ഷവും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ രണ്ട് ഗഡു ഓണക്കാലത്ത് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് 11 മുതല്‍ നല്‍കുക. സെപ്തംബര്‍ മാസത്തെ പെന്‍ഷന്‍ ഉള്‍പ്പെടെ മൂന്ന് ഗഡു ക്ഷേമപെന്‍ഷന്‍ നല്‍കേണ്ടിവരും. ഓരോരുത്തര്‍ക്കും 4800 രൂപ വീതം ലഭിക്കും.

ക്ഷേമ പെന്‍ഷന്‍, ഓണം, ഗുണഭോക്താക്കള്‍, ധനമന്ത്രി

Tags:    

Similar News