ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി പരാമര്‍ശം: ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയത്തിന്റെ തെളിവെന്ന് വി. മുരളീധരന്‍
സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പം
സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പംഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണ് കാണിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പില്‍ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പരിഹസിച്ചു.
ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ്. സര്‍ക്കാര്‍ ഇത്രയും കാലം ശ്രമിച്ചത്. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനവും സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണ് എന്ന് തെളിയിക്കുന്നു.
വനിതാ മതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായിനടക്കുന്ന സിപിഎമ്മിന്റെ യഥാര്‍ഥമുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയതെന്നും മുരളീധരന്‍ പറഞ്ഞു. നിയമങ്ങള്‍ക്ക് അതീതമാണ് പാര്‍ട്ടി എന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമടക്കം ഗൗരവമായ വിഷയങ്ങള്‍ വരുമ്പോള്‍ മറ്റുപലതും വിവാദമാക്കി ശ്രദ്ധ തിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായി വിജയന്‍ അപകടത്തില്‍പ്പെടുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് വി.ഡി. സതീശനെന്നും വി.മുരളീധരന്‍ പരിഹസിച്ചു.