കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരം; പൂരം കലക്കുന്നത് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ അവര് തടയേണ്ടേ? തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കിയതാണെന്ന് സുനില്‍കുമാര്‍
പൂരം കലക്കിയാല്‍ വിജയിക്കുമെന്ന താല്‍പര്യം ആര്‍.എസ്.എസിന്റേതാണ്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറും ആര്‍.എസ്.എസ് ദേശീയ നേതാവും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് തൃശ്ശൂല്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന സിപിഐ നേതാവ് വിഎസ് സുനില്‍കുാര്‍. കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരമെന്ന് സുനില്‍കുമാര്‍ പ്രതികരിച്ചു.
ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ എ.ഡി.ജി.പി അജിത്കുമാര്‍ അറിയിച്ചെന്നത് മാധ്യമവാര്‍ത്തയാണെന്നും വസ്തുത തനിക്ക് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'എ.ഡി.ജി.പി സന്ദര്‍ശനം നടത്തിയത് പൂരം അലങ്കോലമാക്കാനാണെങ്കില്‍ ഇതില്‍ ഒരു കക്ഷി ആര്‍.എസ്.എസ് ആണെന്ന് ഉറപ്പായിരിക്കുകയാണ്. ഇതുതന്നെയാണ് ഞാനും പറഞ്ഞുകൊണ്ടിരുന്നത്. പൂരം കലക്കിയതിനു പിന്നില്‍ ഒരു കക്ഷി ബി.ജെ.പിയോ അല്ലെങ്കില്‍ ആര്‍.എസ്.എസോ ആണ്. പൂരം കലക്കുന്നത് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ അവര് തടയേണ്ടേ? പൂരം കലക്കിയാല്‍ വിജയിക്കുമെന്ന താല്‍പര്യം ആര്‍.എസ്.എസിന്റേതാണ്. തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കിയെന്നതാണ്' -സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ അന്വേഷണം വേണം. കൂടുതല്‍ അറിഞ്ഞതിനു ശേഷമേ മറുപടി പറയാന്‍ സാധിക്കൂ. സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. 2023 മേയ് 22ന് തൃശൂരില്‍ ആര്‍.എസ്.എസ് ക്യാമ്പിനിടെ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെയാണ് സമ്മതിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.
ആര്‍.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറില്‍ പോയത്. സ്വകാര്യ സന്ദര്‍ശനം ആണെന്നാണ് വിശദീകരണം. ദത്താത്രേയ ഹൊസബലെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം അജിത്കുമാര്‍ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എ.ഡി.ജി.പി എത്തിയതെന്നും തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചു.