രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ; പുതിയ സ്‌കൂള്‍ സമയക്രമത്തിന് അംഗീകാരം; എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും; എതിര്‍പ്പുകള്‍ തള്ളി സര്‍ക്കാര്‍
രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ; പുതിയ സ്‌കൂള്‍ സമയക്രമത്തിന് അംഗീകാരം
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.
സ്‌കൂള്‍ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതം എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍, വിഎച്ച്എസ്ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും.
കായികാധ്യാപകരുടെ തസ്തികനിര്‍ണയം സംബന്ധിച്ച് 2017 ല്‍ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉത്തരവ് പുന:സ്ഥാപിക്കും. വിദ്യാര്‍ഥി, കായികാധ്യാപക അനുപാതം 1:500 എന്നതില്‍ നിന്ന് 1:300 ആക്കി മാറ്റുന്ന കാര്യവും ഹയര്‍സെക്കന്‍ഡറി മേഖലയിലും എല്‍ പി വിഭാഗത്തിലും കായികാധ്യാപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കും. 2025-26 ലെ വിദ്യാഭ്യാസ കലണ്ടര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.
ഈ വിഷയത്തില്‍ നേരത്തെ ചില സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഈ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയോട് വിയോജിപ്പറിയിച്ചിരുന്നു. സമസ്ത ചരിത്രം അടയാളപ്പെടുത്തുന്ന കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശന വേദിയിലായിരുന്നു പരാമര്‍ശങ്ങള്‍.
സ്‌കൂള്‍ സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചപ്പോള്‍ മതപഠനം നടത്തുന്ന 12 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും ഇക്കാര്യം കൂടി മനസ്സിലാക്കണമെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാറിമാറി വരുന്ന എല്ലാ സര്‍ക്കാറുകളോടും നല്ല നിലയിലുള്ള സമീപനമാണ് സമസ്ത സ്വീകരിച്ചിട്ടുള്ളത്.
അവരുടെ എല്ലാ നന്മകള്‍ക്കും സമസ്ത പിന്തുണ കൊടുത്തിട്ടുണ്ട്. സമസ്തയെ അവഗണിച്ച് ഒരു ഭരണകൂടവും മുന്നോട്ടുപോകരുത്. സമസ്തക്ക് സംഘടന എന്ന നിലക്ക് കിട്ടേണ്ട ചില കാര്യങ്ങളുണ്ട്. അത് ഏതെങ്കിലും സംഘടനകള്‍ക്ക് മാത്രം നല്‍കി തങ്ങളെ അവഗണിക്കുന്ന സാഹചര്യമുണ്ടാകരുത്. 95 ശതമാനം മുസ്‌ലിംകളും അണിനിരക്കുന്ന സംഘടനയാണ് സമസ്ത. അതിന്റെ വലിപ്പവും പ്രവര്‍ത്തന വിശാലതയും മനസ്സിലാക്കി പിന്തുണയും സഹായവുമുണ്ടാകണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.