പീഠം ബന്ധുവീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്‌പോണ്‍സര്‍ പൊതുജനങ്ങളെയാകെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന് ദേവസ്വം മന്ത്രി; ശബരിമലയില്‍ എല്ലാം സുതാര്യമെന്ന് വിഎന്‍ വാസവന്‍

Update: 2025-09-29 06:48 GMT

കോട്ടയം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പീഠം ബന്ധുവീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്‌പോണ്‍സര്‍ പൊതുജനങ്ങളെയാകെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. നാലര വര്‍ഷമായി ബന്ധുവിന്റ വീട്ടില്‍ സ്വര്‍ണ പീഠം ഉണ്ടായിരുന്നത് തനിക്കറിയില്ലായിരുന്നുവെന്ന ഉണ്ണികൃഷ്ണന്റെ വാദം വിശ്വസിക്കാന്‍ കഴിയില്ല. സ്വര്‍ണ പീഠം ഒളിപ്പിച്ചുവച്ചതിന് ശേഷം കണാനില്ല എന്ന് പരാതി പറയുകയായിരുന്നു. ഇത്തരം നാടകങ്ങള്‍ക്ക് പിന്നില്‍ ?ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ വലിയതോതില്‍ അഴിമതി നടക്കുന്നുണ്ടെന്ന പ്രതിപക്ഷ വിവാദത്തിലും മന്ത്രി മറുപടി നല്‍കി. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തില്‍ അഴിമതി നടക്കുന്നതായ ആക്ഷേപമോ പരാതിയോ സമീപകാലത്ത് ഉണ്ടായിട്ടില്ല. പ്രതിപക്ഷം അവര്‍ ഭരണത്തിലുണ്ടായിരുന്ന കാലത്തെ അഴിമതിയെക്കുറിച്ചാവും ഓര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ സുതാര്യമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പീഠം, കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍നിന്ന് ശനിയാഴ്ച കണ്ടെത്തിയിരുന്നു. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിലെ വീട്ടില്‍നിന്നാണ് ദേവസ്വം വിജിലന്‍സ് ശനിയാഴ്ച പീഠം കണ്ടെത്തിയത്.

ബംഗളൂരുവില്‍ വ്യവസായിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ബന്ധുവായ വാസുദേവന്റെ വീട്ടിലാണ് 2021 മുതല്‍ പീഠം ഒളിപ്പിച്ചിരുന്നത്. പീഠം കാണാനില്ലെന്ന വാര്‍ത്തവന്നതോടെ ഇനി തനിക്കിത് സൂക്ഷിക്കാനാവില്ലെന്ന് വാസുദേവന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് 21ന് പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്.

Tags:    

Similar News