കെ ഫോണ്‍ അഴിമതി; നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിഡി സതീശന്‍; അപ്പീല്‍ നല്‍കാന്‍ സാധ്യത

സര്‍ക്കാര്‍ തലത്തിലെ കൊടിയ അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സതീശന്‍

Update: 2024-09-14 07:38 GMT

തിരുവനന്തപുരം: കെ. ഫോണിലെ ഹൈക്കോടതി വിധിയുടെ പൂര്‍ണ്ണരൂപം പരിശോധിച്ച ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അപ്പീല്‍ നല്‍കുന്നത് അടക്കം പരിഗണിക്കും. 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കുമെന്നായിരുന്നു അവകാശ വാദം. എന്നാല്‍ എഴ് വര്‍ഷം കഴിഞ്ഞിട്ടും 5000 പേര്‍ക്ക് പോലും കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

1028 കോടിയുടെ പദ്ധതിക്ക് 58 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കി 1531 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയതിലൂടെ പൊതുഖജനാവിനുണ്ടായ ഭീമമായ നഷ്ടവും എം.എസ്.പി, ഐ.എസ്.പി കരാറുകള്‍ എ.ഐ ക്യാമറ അഴിമതിയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

2017 ല്‍ പദ്ധതി തുടങ്ങി ഇത്രയും വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനുവദിക്കുന്നില്ലെന്നാണ് ഹൈക്കോടതി വിധിയിയിലുള്ളത്. സി.എ.ജി അടക്കം ക്രമക്കേടുകള്‍ ചൂണ്ടികാണിച്ചിട്ടുള്ള പദ്ധതിയാണിത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് മാസിലാകുന്നത്. കെ ഫോണ്‍ അഴിമതിയുടെ ആഴവും പരപ്പും വരും നാളുകളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വെളിവാകും. സര്‍ക്കാര്‍ തലത്തിലെ കൊടിയ അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News