ഭർത്താവിന് വിസ വാഗ്ദാനം നൽകി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ സ്വർണവും ഐഫോണും കൈക്കലാക്കി; സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ച കേസിൽ പിടിയിലായത് പെരിന്തല്ലൂരുകാരൻ റാഷിദ്
By : സ്വന്തം ലേഖകൻ
Update: 2025-11-14 11:09 GMT
തൃശൂർ: വിസ വാഗ്ദാനം ചെയ്‌ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്ന് 17 പവൻ സ്വർണവും ഐഫോണും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പെരിന്തല്ലൂർ സ്വദേശി റാഷിദ് (25) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് റാഷിദ് കബളിപ്പിച്ചത്.
ഇവരിൽ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവിന് ഗൾഫിലേക്ക് വിസ വാഗ്ദാനം ചെയ്‌തു. പിന്നീട് ദമ്പതികളെ കുന്നംകുളത്തേക്ക് വിളിച്ച് വരുത്തി ചില രേഖകളിൽ ഒപ്പ് വാങ്ങി സ്വർണവും ഐഫോണും കൈക്കലാക്കുകയായിരുന്നു.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ ദമ്പതികൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്ന് റാഷിദിനെ പോലീസ് പിടികൂടി. സമാനമായ രീതിയിൽ ചാലിശേരി സ്വദേശിയിൽ നിന്ന് ആറ് പവൻ സ്വർണം തട്ടിയെടുത്ത കേസിലും റാഷിദ് പ്രതിയാണ്.