ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം: തുറമുഖത്ത് എത്തിയത് രാജ്യത്ത് നങ്കൂരമിട്ട ഏറ്റവും വലിയ കപ്പല്‍; പരീക്ഷണം വിജയിച്ചതോടെ വലിയ കപ്പലുകളെ പ്രതീക്ഷിച്ച് കേരളം
കമ്മീഷനിങ്ങിന് മുന്‍പേ ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: കമ്മീഷനിങ്ങിന് മുന്‍പേ ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് എത്തിയത് രാജ്യത്ത് നങ്കൂരമിട്ട ഏറ്റവും വലിയ കപ്പലുകളിലൊന്ന്. ഇന്ത്യയില്‍ ഏറ്റവും വലിയ കപ്പലുകളിലൊന്ന് നങ്കൂരമിട്ട തുറമുഖം എന്ന ബഹുമതി എംഎസ്സി കെയ്ലി ബര്‍ത്ത് ചെയ്തതോടെ വിഴിഞ്ഞം സ്വന്തമാക്കി. പരീക്ഷണം വിജയിച്ചതോടെ ലോകത്തെ ആഴമേറിയ എല്ലാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും.
16.5 മീറ്റര്‍ ഡ്രാഫ്റ്റുള്ള (ആഴം) എംഎസ്സി കെയ്ലിയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേര്‍ന്നത്. വിഴിഞ്ഞം തുറമുഖത്തിന് തീരത്തോട് അടുത്ത് വലിയ ആഴമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നങ്കൂരമിട്ടതില്‍ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നാണ് കെയ്ലി. ഈ കപ്പല്‍ രണ്ട് ദിവസം വിഴിഞ്ഞത്തുണ്ടാകും. കെയ്ലിയില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യും. ആഗോള കപ്പല്‍ കമ്പനിയായ എംഎസ്സിയുടെ സുവാപെ 7 അടുത്ത ദിവസം തന്നെ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. തുറമുഖം പൂര്‍ണ്ണമായും കമ്മീഷന്‍ ചെയ്യുന്നതോടെ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനികളില്‍ ഒന്നാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി). എംഎസ്സിയുടെ മദര്‍ഷിപ്പ് ഡെയ്ല കഴിഞ്ഞ ആഴ്ച വിഴിഞ്ഞത്ത് എത്തിയിരുന്നു. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുണ്ട്. 13988 കണ്ടെയ്നറുകള്‍ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ കപ്പല്‍. സ്പെയ്നിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച കെയ്‌ല കപ്പല്‍ മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പല്‍ കൊളംബോയിലേക്ക് പോയി. അദാനി പോര്‍ട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി. വിഴിഞ്ഞത്തും മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തില്‍ പ്രധാന പങ്കാളിയാവുക.