ശക്തമായ മഴയിൽ വർഷങ്ങൾ പഴക്കമുള്ള കിണർ ഇടിഞ്ഞു താഴ്ന്നു; സ്ഥലത്ത് വൻ ഗർത്തം രൂപപ്പെട്ടു; സമീപത്തെ വാട്ടർ ടാങ്കും അപകടാവസ്ഥയിൽ
തിരുവനന്തപുരം: ശക്തമായ മഴയിൽ വെങ്ങാനൂരിലെ മൈക്രോ വാട്ടർ സപ്ലെ സ്‌കീമിനോട് അനുബന്ധിച്ച കിണർ ഇടിഞ്ഞു താഴ്ന്നു.ഇതോടെ പ്രദേശത്ത് വൻ ഗർത്തം രൂപപ്പെട്ടതോടെ സമീപത്തെ വാട്ടർ ടാങ്കും തകർച്ചാ ഭീഷണിയിലാണ്. കിണർ ഇടിഞ്ഞതോടെ നിരവധി പേർക്ക് ശുദ്ധ ജലം ലഭ്യമായിരുന്ന സ്രോതസാണ് ഇല്ലാതായിരിക്കുന്നത്.
ഏകദേശം 70 വർഷത്തോളം പഴക്കമുള്ള പൊതു കിണർ ആണ് തകർന്നു വീണത്. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇന്നലെ പെയ്ത മഴയിലാണ് പഞ്ചായത്ത് കിണർ ഇടിഞ്ഞ നിലയിൽ കാണപ്പെട്ടത്. കിണറിൽ കുറ്റിക്കാടുകൾ പടർന്നു കയറുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നെങ്കിലും അധികാരികൾ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി ഉണ്ട്.
വെങ്ങാനൂർ - വിഴിഞ്ഞം റോഡിനോടു ചേർന്നാണ് കിണർ. ഇടിഞ്ഞു താണ സ്‌ഥലത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കെയാണ് എന്നതിനാൽ സമീപത്തെ റോഡും അപകട ഭീഷണിയിലാണ്. പാതയോരത്തായതിനാൽ അപകട സൂചന മുന്നറിയിപ്പ് വേണമെന്നും നാട്ടുകാർ പറയുന്നു.