പ്രദേശത്തെ പറമ്പുകളിൽ അസാധാരണമായ രീതിയിൽ ദുർഗന്ധം; ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; എളമ്പിലാട് മേഖലയിൽ കാട്ടുപന്നികൾ ചത്തു വീഴുന്നു; കാരണം ദുരൂഹം
കോഴിക്കോട്: വടകര മണിയൂർ പഞ്ചായത്തിലെ എളമ്പിലാട് മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി ചത്തുവീഴുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തെ കുറ്റിക്കാടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും പന്നികളുടെ ജഡങ്ങൾ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ചത്ത പന്നികളെ കണ്ടെത്തി തുടങ്ങിയത്.
ഓരോ ദിവസവും ഓരോ ഇടങ്ങളിൽ നിന്ന് ദുർഗന്ധം ഉയരുന്നത് പതിവായതോടെയാണ് കാട്ടുപന്നികളുടെ വ്യാപകമായ മരണത്തെക്കുറിച്ച് ബോധ്യപ്പെട്ടത്. കാട്ടുപന്നികൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള ജന്തുജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നുണ്ടോ എന്നതാണ് നാട്ടുകാരുടെ പ്രധാന ഭയം. ജഡങ്ങൾ അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നുണ്ട്.
പന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജന്തുജന്യ രോഗങ്ങളുടെ വ്യാപന സാധ്യത മുന്നിൽക്കണ്ട് ഉടനടി ശാസ്ത്രീയ പരിശോധന നടത്തി പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.