ബസ് സ്റ്റാന്‍ഡില്‍ ചുറ്റിതിരിയാന്‍ പാടില്ലെന്ന് എഎസ്‌ഐ പറഞ്ഞതോടെ പോയി; പിന്നീട് കൂട്ടമായി എത്തിയ യുവാക്കള്‍ എഎസ്‌ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചു; വീഡിയോ വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച്
കോഴിക്കോട്: ബസ് സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നത് കണ്ട് ചോദ്യം ചെയ്ത വനിതാ എഎസ്‌ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ച് യുവാക്കള്‍. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്‌കൂള്‍ വിട്ട സമയത്ത് ബസ്റ്റാന്‍ഡില്‍ സംഘടിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പൊലീസ് തിരിച്ചു പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഭവം.
ബസ്റ്റാന്‍ഡില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതി ഉള്ളതിനാല്‍ പൊലീസ് സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം നിരീക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളോടാണ് അവിടെ നിന്ന് പോകാന്‍ വനിത എഎസ്ഐ ജമീലയും സംഘവും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് യുവാക്കള്‍ പൊലീസിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് തീര്‍ത്ത് പറഞ്ഞതോടെ യുവാക്കള്‍ മടങ്ങി.
എന്നാല്‍ വീണ്ടും യുവാക്കള്‍ കൂട്ടംകൂടിയതോടെ വനിതാ പൊലീസ് വീണ്ടുമെത്തി സ്ഥലത്തു നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് തങ്ങളെ അപമാനിച്ചുവെന്ന തരത്തില്‍ ബഹളം വെച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞത്. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് താന്‍ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.