എയർ ഗണ്ണുമായി ആശുപത്രിയിലെത്തി യുവാവ്; ഇതിവിടെ ഇരിക്കട്ടെയെന്ന് പറഞ്ഞ് തോക്ക് മേശപ്പുറത്ത് വെച്ച് ഭീഷണി; ആള് കൂടിയതോടെ സ്ഥലം വിട്ടു; പിടിയിലായത് കുന്നന്താനത്തുകാരൻ ലിനു തോമസ്

Update: 2026-02-04 12:28 GMT

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ഒരു ആശുപത്രിയിൽ എയർ ഗണ്ണുമായി അതിക്രമം നടത്തിയ യുവാവ് പിടിയിൽ. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് ഇന്ന് രാവിലെ പൊലീസിന്റെ പിടിയിലായത്. രാവിലെ നഴ്‌സ് റൂമിലെത്തിയ ലിനു തോമസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടുകയും തർക്കിക്കുകയും ചെയ്തു.

ഇതിവിടെ ഇരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് തോക്ക് മേശപ്പുറത്ത് വെച്ച ശേഷം ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഉടൻതന്നെ ജീവനക്കാർ മെഡിക്കൽ ഓഫീസറെയും മറ്റ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. മെഡിക്കൽ ഓഫീസറും കൂടുതൽ ജീവനക്കാരും എത്തിയതോടെ ലിനു ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി സ്വന്തം വാഹനത്തിൽ രക്ഷപ്പെട്ടു.

ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിനു തോമസ് പിടിയിലായത്. നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള ലിനുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. താനൊരു ഡോക്ടറാണെന്നും ചികിത്സാ ഉപകരണങ്ങളാണ് കൈവശമുണ്ടായിരുന്നതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

Tags:    

Similar News