ഒരു ആക്രിക്കടയില്‍ നിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയില്‍ വിറ്റത് ഒരു മാസത്തിന് ശേഷം; മോഷ്ടാവ് മൊട്ടബിനു പത്തനംതിട്ട പോലീസിന്റെ പിടിയില്‍
മോഷ്ടാവ് മൊട്ടബിനു പത്തനംതിട്ട പോലീസിന്റെ പിടിയില്‍
പത്തനംതിട്ട: നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട മൊട്ട ബിനു എന്നറിയപ്പെടുന്ന ബിനു (42) പോലീസിന്റെ പിടിയിലായി. ആനപ്പാറ സമദ് മന്‍സിലില്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള എസ്.എന്‍ ട്രെഡേഴ്സ് എന്ന ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന കടയില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി എസ് പുരം തിരുവാതിര ഭവനം വീട്ടില്‍ ബിനു കുപ്രസിദ്ധ മോഷ്ടാവാണ്. ഒക്ടോബര്‍ 28 ന് രാത്രി എട്ടരയ്ക്കും പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് കടയ്ക്കുള്ളില്‍ കടന്ന് മേശയില്‍ സൂക്ഷിച്ച 3000 രൂപയും രണ്ടുലക്ഷം രൂപ വിലവരുന്ന ചെമ്പിന്റെ സാധനങ്ങളും മോഷ്ടിച്ചു കടത്തുകയായിരുന്നു. ആകെ 2,03,000 രൂപയുടെ നഷ്ടമുണ്ടായി. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മുന്‍ മോഷ്ടാക്കളുടെ ലിസ്റ്റ് എടുത്ത് വിശദമായ അന്വേഷണം തുടങ്ങി.
എസ്.ഐ ജെ.യു ജിനുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങള്‍ പരിശോധിച്ചു. മോഷണം നടന്ന കടയിലെ സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ തെക്കേമലയിലെ ഒരു ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങളിലും സംശയകരമായി കണ്ടു, സാദൃശ്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
നവംബര്‍ 28 ന് പകലും ഡിസംബര്‍ ഏഴിനും പ്രതി ആക്രസാധനങ്ങള്‍ വില്‍ക്കുന്നതിന് തെക്കേമലയിലെ കടയില്‍ എത്തിയതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. രണ്ടാമതും വില്‍പ്പനയ്ക്കായി സമീപിച്ചപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ ഇയാളോട് ആധാര്‍ കാര്‍ഡിന് കോപ്പി ആവശ്യപ്പെട്ടു. ഇല്ല എന്ന് പറഞ്ഞതു കാരണം കടയുടമ സാധനങ്ങള്‍ എടുത്തില്ല. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം പ്രതിയെന്ന് സംശയിച്ച ബിനുവിലേക്ക് എത്തുകയായിരുന്നു.
പിന്നീട് പ്രതിയ്ക്കായി നടത്തിയ വ്യാപകമായ തെരച്ചിലില്‍ കുറിച്ചി എസ് പുരത്തുനിന്നും കസ്റ്റഡിയിലെടുത്തു. തെക്കേമലയിലെ കടയിലെത്തിച്ച് കടയുടമയെയും ജീവനക്കാരെയും കാണിച്ച് തിരിച്ചറിഞ്ഞു. കടയില്‍ നിന്നും സാധനങ്ങള്‍ കണ്ടെത്തി. പ്രതിയുടെ വിരലടയാളം എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് കൈകൊണ്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടത്തി മോഷ്ടാവിനെ കുടുക്കിയത്. ബിനുവിന് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചു മോഷണ കേസുകള്‍ നിലവിലുണ്ട്. കൂടാതെ കഞ്ചാവ് കൈവശം വച്ചതിനു കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും, മോഷണത്തിന് ആറന്മുള പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയാണ്.