നാല് കെ എ എസുകാര്‍ സ്ഥാപനം വിട്ടത് കെ എസ് ആര്‍ ടി സിയെ ബാധിക്കില്ല; കെ എ എസുകാര്‍ക്ക് ചെയ്യാനുള്ള ജോലിയൊന്നും കോര്‍പ്പറേഷനില്‍ ഇല്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
നാല് കെ എ എസുകാര്‍ സ്ഥാപനം വിട്ടത് കെ എസ് ആര്‍ ടി സിയെ ബാധിക്കില്ല
തിരുവനന്തപുരം: പ്രൊഫഷണലിസം നടപ്പാക്കാനെത്തിയ നാല് കെ.എ.എസുകാര്‍ സ്ഥാപനം വിട്ടത് കെ.എസ്.ആര്‍.ടി.സിയെ ബാധിക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.
'കെ.എ.എസുകാര്‍ക്ക് ചെയ്യാനുള്ള ജോലിയൊന്നും കെ.എസ്.ആര്‍.ടി.സിയിലില്ല. എല്ലാം സാങ്കേതിക ജോലികളാണ്. ലഭിച്ച ഉത്തരവാദിത്തങ്ങളില്‍ അവര്‍ തൃപ്തരായിരുന്നില്ല. അവരുടെ ചുമതലകള്‍ കെ.എസ്.ആര്‍.ടി.സിയിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. കെ.എ.എസുകാര്‍ക്ക് വാഹനം അനുവദിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച ചുമതലകളില്‍ വാഹനമൊന്നുമില്ല. അനാവശ്യ ചെലവുകള്‍ ഒഴിവാക്കലാണ് സര്‍ക്കാര്‍ നയം. നേരത്തേ കരാര്‍ വ്യവസ്ഥയില്‍ മാനേജ്‌മെന്റ് തലപ്പത്ത് നിയോഗിച്ചവരെയും ഒഴിവാക്കിയിരുന്നെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കെ.എ.എസുകാരെ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് മടക്കിവിളിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സമഗ്ര പുനഃസംഘടന നിഷ്‌കര്‍ഷിക്കുന്ന സുശീല്‍ഖന്ന റിപ്പോര്‍ട്ട് അംഗീകരിച്ചതും പ്രഫഷനലിസത്തിന്റെ ഭാഗമായി നാല് കെ.എ.എസുകാരെ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിക്കാന്‍ തീരുമാനിച്ചതും. കെ.എസ്.ആര്‍.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളാക്കി തിരിക്കാനും ഇവര്‍ക്ക് ജനറല്‍ മാനേജര്‍മാരായി ചുമതല നല്‍കാനുമായിരുന്നു ധാരണ. ബിജു പ്രഭാകറായിരുന്നു ഈ കാലയളവില്‍ സി.എം.ഡി. ബിജു പ്രഭാകര്‍ സ്ഥാനമൊഴിഞ്ഞതോടെ സാഹചര്യങ്ങള്‍ മാറി. കെ.എ.എസുകാര്‍ സി.എം.ഡിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നേരത്തേയുണ്ടായിരുന്നു നിഷ്‌കര്‍ഷ. പിന്നീട് സ്ഥാനക്കയറ്റം നേടിയെത്തിയ എക്‌സിക്യുട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കീഴിലേക്ക് ഇവരെ മാറ്റാന്‍ ശ്രമമുണ്ടായി. കാര്യമായ ഉത്തരവാദിത്തങ്ങള്‍ നല്‍കിയതുമില്ല.