നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അദ്ധ്യാപിക നുള്ളി മുറിവേല്‍പ്പിച്ചു; പരാതിയില്‍ സ്‌കൂള്‍ അദ്ധ്യാപികയ്ക്ക് എതിരെ കേസ്; അദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അദ്ധ്യാപിക നുള്ളി മുറിവേല്‍പ്പിച്ചു

Update: 2024-12-10 12:03 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് അദ്ധ്യാപിക നുള്ളി മുറിവേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്‌കൂളിലെ അദ്ധ്യാപികയ്ക്കെതിരെ കേസെടുത്തു. അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഉച്ചയ്ക്ക് ടോയ്ലറ്റില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് നുള്ളി മുറിവേല്‍പിച്ച പാട് കാണുകയായിരുന്നു. തുടര്‍ന്ന് ജോലിക്ക് പോയിരുന്ന കുട്ടിയുടെ അമ്മയെ വിളിച്ച് രാവിലെ കുളിപ്പിച്ചപ്പോള്‍ എന്തെങ്കിലും മുറിവ് ശ്രദ്ധിച്ചിരുന്നോ എന്ന് മുത്തശ്ശി ചോദിച്ചു. അങ്ങനെയൊന്നും കണ്ടില്ലെന്ന് അമ്മ പറഞ്ഞതോടെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു.

സിസിടിവി പരിശോധനയില്‍ അദ്ധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇന്ന് രാവിലെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഫോര്‍ട്ട് പൊലീസാണ് അദ്ധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News