യുവതിക്ക് ട്രെയിനില്‍ പ്രസവവേദന; കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

Update: 2024-12-19 16:30 GMT

പാലക്കാട്/തൃശ്ശൂര്‍: യുവതിക്ക് ട്രെയിനില്‍ പ്രസവവേദന; കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ഡല്‍ഹി സ്വദേശിനിയായ മെര്‍സീന (30) ആണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ആലപ്പുഴ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു മെര്‍സീനയും കുടുംബവും യാത്രാമധ്യേ മെര്‍സീനയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ട്രെയിന്‍ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ ഒപ്പമുള്ളവര്‍ വിവരം സ്റ്റേഷന്‍ മാനേജരെ അറിയിക്കുകയും ചെയ്തു.

ഇദ്ദേഹം ഉടന്‍ തന്നെ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് സംഘം സ്ഥലത്ത് എത്തി യുവതിയെ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. 11 മണിയോടെ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് സുഭാഷ് കെ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിജിമോള്‍ ആര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി യുവതിയുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു. ആംബുലന്‍സ് തൃശ്ശൂര്‍ വഴുക്കുംപാറ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിജിമോള്‍ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.

ബുധനാഴ്ച പുലര്‍ച്ചെ 12.18ന് വിജിമോളുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ വിജിമോള്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് സുഭാഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Similar News