അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവം; കസ്റ്റഡിയിലെടുത്ത മകനെ വൈകിട്ടോടെ വിട്ടയച്ചു;കൊലപാതക സാധ്യതയില്ലെന്ന് പൊലീസ്
അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തില്‍ മകനെ പൊലീസ് വിട്ടയച്ചു
കൊച്ചി: അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തില്‍ മകനെ പൊലീസ് വിട്ടയച്ചു. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത മകനെ വൈകീട്ടോടെയാണ് വിട്ടയച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതക സാധ്യതയില്ലെന്ന് പൊലീസ് കണ്ടെത്തി.
കൊച്ചി വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡ് നെടിയാട്ടില്‍ ലെയ്‌നില്‍ നെടിയാട്ടില്‍ വീട്ടില്‍ പരേതനായ പീതാംബരന്റെ ഭാര്യ അല്ലിയുടെ (72) മൃതദേഹമാണ് മകന്‍ പ്രദീപ് വ്യാഴാഴ്ച പുലര്‍ച്ചെ 6.15ഓടെ കുഴിച്ചുമൂടിയത്. മദ്യലഹരിയിലാണ് സ്വന്തം നിലക്ക് കുഴിയെടുത്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മയുടെ മൃതദേഹം മുറ്റത്തുകിടത്തി സമീപത്ത് പ്രദീപ് കുഴികുത്തുന്നതു കണ്ട അയല്‍വാസി വിവരമറിയിച്ചതനുസരിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെത്തുകയായിരുന്നു. ഇതിനിടെ മൃതദേഹം മണ്ണിട്ട് മൂടിയിരുന്നു. കാലുകള്‍ പുറത്തായിരുന്നു. അസോ. ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് പാലാരിവട്ടം പൊലീസ് എത്തി.
തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും ദേഹത്ത് അസാധാരണമായി മുറിവുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പാലാരിവട്ടം സി.ഐ അറിയിച്ചു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്മ രാത്രി മരിച്ചെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോഴും പ്രദീപിന് ഭാവഭേദങ്ങളില്ലായിരുന്നു.
രാത്രിയിലോ പുലര്‍ച്ചെയോ മരിച്ചതാവാമെന്നാണ് നിഗമനം. ഗുരുതര പ്രമേഹബാധിതയായിരുന്ന ഇവരുടെ ഇരുകാലിലും പഴുപ്പ് ബാധിച്ച് വ്രണം നിറഞ്ഞിരുന്നു. കഴിഞ്ഞദിവസവും അല്ലിയെ മകന്‍ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കിയതായി അയല്‍വാസികള്‍ പറയുന്നു.
മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് വെണ്ണലയില്‍ ടയര്‍ കട നടത്തുന്ന പ്രദീപെന്ന് പറയുന്നു. ഇതുമൂലം ഭാര്യയും രണ്ട് മക്കളും ഇടക്കിടെ പിണങ്ങി സ്വന്തം വീട്ടില്‍ പോകും. അല്ലിയും പ്രദീപും മാത്രമേ പലപ്പോഴും വീട്ടിലുണ്ടാകാറുള്ളൂവെന്ന് വെണ്ണല ഡിവിഷന്‍ കൗണ്‍സിലര്‍ സി.ഡി. വത്സലകുമാരി പറഞ്ഞു. അല്ലിക്ക് പ്രീതിയെന്ന മകള്‍ കൂടിയുണ്ട്. മൃതദേഹം പ്രീതിയുടെ കങ്ങരപ്പടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം കാക്കനാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.