കാഴ്ചയില്‍ സുന്ദരന്‍, ഉള്ളില്‍ മാരക വിഷം; കഴിച്ചയുടന്‍ കരള്‍ തകരും; കാലിഫോര്‍ണിയയെ വിറപ്പിച്ച് 'മരണ കൂണുകള്‍'; നാലു മരണം; 35-ഓളം പേര്‍ ആശുപത്രിയില്‍; തിളപ്പിച്ചാലും ഉണക്കിയാലും വിഷം പോകില്ല; മുറ്റത്ത് കണ്ടാല്‍ പോലും കാട്ടു കൂണുകള്‍ തൊട്ടുപോകരുതെന്ന് മുന്നറിയിപ്പ്

Update: 2026-02-07 15:14 GMT

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വിഷ കൂണുകള്‍ (Death Cap) കഴിച്ച് നാല് പേര്‍ മരിച്ചു. നവംബര്‍ 18 മുതല്‍ ഇതുവരെ 35-ലധികം പേര്‍ക്ക് വിഷബാധയേറ്റതായും മൂന്ന് പേര്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൂണുകള്‍ ശേഖരിക്കുന്നവര്‍ക്ക് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സാധാരണ വര്‍ഷങ്ങളില്‍ രണ്ടോ അഞ്ചോ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത്, ഇത്തവണ അത് നാല്‍പ്പതിനോട് അടുക്കുന്നത് അതിഭീകരമായ അവസ്ഥയാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ വിഷനിയന്ത്രണ വിഭാഗം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ക്രെയ്ഗ് സ്‌മോളിന്‍ വ്യക്തമാക്കുന്നു. അമാനിറ്റ ഫല്ലോയിഡ്‌സ് (Amanita phalloides) എന്നാണ് വിഷകൂണുകളുടെ ശാസ്ത്രീയ നാമം.

ലോകത്തിലെ ഏറ്റവും മാരകമായ കൂണുകളില്‍ ഒന്നാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന അമാടോക്‌സിനുകള്‍ (Amatoxins) ആണ് മരണകാരണമാകുന്നത്. ലോകമെമ്പാടും കൂണ്‍ കഴിച്ച് മരിക്കുന്നവരില്‍ 90 ശതമാനം മരണങ്ങള്‍ക്കും ഉത്തരവാദി ഈ കൂണാണ്. സാധാരണ കഴിക്കാന്‍ ഉപയോഗിക്കുന്ന കൂണുകളുമായി (ഉദാഹരണത്തിന് ഫീല്‍ഡ് മഷ്‌റൂംസ്) ഇവയ്ക്ക് വളരെയധികം സാമ്യമുണ്ട്. രുചിയിലും വലിയ മാറ്റമില്ലാത്തതിനാല്‍ ആളുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ പ്രയാസമാണ്. വിഷബാധയേറ്റവര്‍ക്ക് അതിവേഗത്തിലാണ് കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 19 മാസം പ്രായമുള്ള കുട്ടി മുതല്‍ 67 വയസ്സുള്ളവര്‍ വരെ ഉള്‍പ്പെടുന്നു. മിക്കവരും തീവ്രപരിചരണ വിഭാഗത്തില്‍ (ICU) ചികിത്സയിലാണ്.

ഈ കൂണിന്റെ വിഷാംശം കളയാന്‍ നമുക്ക് സാധാരണ ചെയ്യാവുന്ന ഒരു മാര്‍ഗ്ഗവും ഫലിക്കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തിളപ്പിച്ചാലോ വേവിച്ചാലോ വിഷം പോകില്ല. ഉണക്കി സൂക്ഷിച്ചാലോ ഫ്രീസ് ചെയ്താലോ ഇതിന്റെ വീര്യം കുറയില്ല. കൂണിന്റെ നിറം നോക്കി അത് വിഷമുള്ളതാണോ എന്ന് തീരുമാനിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളരെ ചെറിയ അളവില്‍ ഈ കൂണ്‍ കഴിക്കുന്നത് പോലും മരണത്തിന് കാരണമായേക്കാം. കൂണ്‍ കഴിച്ച് 24 മണിക്കൂറിനുള്ളില്‍ വയറുവേദന, ഓക്കാനം, വയറിളക്കം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടാം. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടിയില്ലെങ്കില്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം അതിവേഗം തകരാറിലാകും. കാട്ടു കൂണുകള്‍ ശേഖരിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കാഴ്ചയില്‍ സമാനമായ നല്ല കൂണുകള്‍ക്കിടയില്‍ ഡെത്ത് ക്യാപ് കൂണുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണിത്. കാട്ടു കൂണുകള്‍ തിരിച്ചറിയുന്നതില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെങ്കില്‍ പോലും ഇത്തവണത്തെ സാഹചര്യത്തില്‍ അവ ശേഖരിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.

കാലിഫോര്‍ണിയയില്‍ ഇത്തവണ അനുഭവപ്പെട്ട ചൂടുള്ള ശരത്കാലവും (Autumn) നേരത്തെയുണ്ടായ മഴയുമാണ് ഈ 'സൂപ്പര്‍ ബ്ലൂമിന്' കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. ഡെത്ത് ക്യാപ് കൂണുകള്‍ ഇത്രയധികം വ്യാപകമായി മുളച്ചുപൊന്തുന്നത് ഇതാദ്യമായാണ്. ഉത്തര കാലിഫോര്‍ണിയയിലെ സലീനാസില്‍ താമസിക്കുന്ന മെക്‌സിക്കന്‍ സ്വദേശിനിയായ ലോറ മാര്‍സെലിനോയുടെ അനുഭവം ഇതിന്റെ തീവ്രത വെളിപ്പെടുത്തുന്നു. തങ്ങളുടെ ജന്മനാടായ ഓക്‌സാക്കയില്‍ കണ്ടുവരാറുള്ള ഭക്ഷ്യയോഗ്യമായ കൂണുകളാണെന്ന് കരുതിയാണ് ലോറയും ഭര്‍ത്താവും ഇവ ശേഖരിച്ചത്. ആദ്യദിവസം കഴിച്ച് ഭര്‍ത്താവിന് തലകറക്കം അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ പിറ്റേന്നും അവര്‍ ഇത് സൂപ്പായി കഴിച്ചു. വൈകാതെ കടുത്ത ഛര്‍ദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ട ലോറ അഞ്ച് ദിവസം ആശുപത്രിയില്‍ ചിലവഴിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ നില അതീവ ഗുരുതരമാവുകയും ഒടുവില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരികയും ചെയ്തു.

വിഷബാധയുടെ ആദ്യ ലക്ഷണങ്ങള്‍ ഒരു ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായേക്കാം. എന്നാല്‍ ഇത് അപകടം ഒഴിഞ്ഞു എന്നതിനര്‍ത്ഥമല്ല. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാരകമായ രീതിയില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാന്‍ (Liver Failure) സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം ചികിത്സ നല്‍കുന്നത് കൂടുതല്‍ പ്രയാസകരമാണ്.

വടക്കന്‍ കാലിഫോര്‍ണിയയിലെയും സെന്‍ട്രല്‍ കോസ്റ്റിലെയും പ്രാദേശിക-ദേശീയ പാര്‍ക്കുകളില്‍ ഇവ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. മോണ്ടെറി, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഈ വര്‍ഷം ആളുകളുടെ വീട്ടുമുറ്റങ്ങളില്‍ പോലും ഇത്തരം കൂണുകള്‍ ധാരാളമായി വളരുന്നുണ്ട്.

വിഷബാധയേറ്റവരില്‍ 60 ശതമാനത്തിലധികം പേരും സ്പാനിഷ് സംസാരിക്കുന്നവരാണ്. മിക്സ്റ്റെക്കോ (Mixteco), മാന്‍ഡറിന്‍ ചൈനീസ് ഭാഷകള്‍ സംസാരിക്കുന്നവരിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കാലിഫോര്‍ണിയ പൊതുജനാരോഗ്യ വകുപ്പ് വിവിധ ഭാഷകളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ വ്യാപിപ്പിച്ചു.

35 വര്‍ഷത്തിലേറെയായി കൂണുകളെക്കുറിച്ച് പഠിപ്പിക്കുന്ന ജൂലി ഷ്രൈബര്‍ (Julie Schreiber) പറയുന്നത്, വര്‍ഷങ്ങളായുള്ള പരിചയമുണ്ടായിട്ടും താന്‍ പോലും ഇപ്പോള്‍ കാട്ടുകൂണുകള്‍ ശേഖരിക്കാന്‍ മുതിരില്ല എന്നാണ്. പല ഘട്ടങ്ങളിലായി ഈ കൂണുകളുടെ നിറം തവിട്ടു കലര്‍ന്ന വെള്ളയില്‍ നിന്ന് പച്ചപ്പിലേക്ക് മാറുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല.

യൂറോപ്പില്‍ നിന്ന് എത്തിയ ഈ കൂണുകള്‍ കാലിഫോര്‍ണിയയിലെ തദ്ദേശീയ വര്‍ഗ്ഗമല്ല. ഓക്ക് മരങ്ങളുടെ ചുവട്ടിലാണ് ഇവ പ്രധാനമായും വളരുന്നത്. മുറ്റത്തോ പാര്‍ക്കുകളിലോ കുട്ടികളും വളര്‍ത്തുമൃഗങ്ങളും കൂണുകള്‍ തൊടുകയോ കഴിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നോ അംഗീകൃത വില്‍പ്പനക്കാരില്‍ നിന്നോ മാത്രം കൂണുകള്‍ വാങ്ങുക. വിഷമുള്ള കൂണ്‍ കഴിച്ചുവെന്ന് സംശയം തോന്നിയാല്‍ പോലും ലക്ഷണങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ ഉടന്‍ വൈദ്യസഹായം തേടുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ കൂണ്‍ വിഷബാധയുമായി ബന്ധപ്പെട്ട കേസുകളില്‍ 40 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായാണ് യുഎസ് പോയിസണ്‍ സെന്ററുകളുടെ കണക്ക്.

Tags:    

Similar News