സ്വകാര്യ വാഹനങ്ങള്‍ പണം വാങ്ങി ഉപയോഗിച്ചാല്‍ അത് കള്ള ടാക്‌സി; ഇരുട്ടുകൊണ്ട് ആരു ഓട്ട അടയ്‌ക്കേണ്ട; ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇരുട്ടുകൊണ്ട് ആരു ഓട്ട അടയ്‌ക്കേണ്ട: മന്ത്രി കെ ബി ഗണേഷ് കുമാര്‍

Update: 2024-12-22 07:54 GMT

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ പണം വാങ്ങി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആര്‍സി ഉടമയുടെ ഭാര്യയ്ക്കോ, സഹോദരങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കൊ ഒക്കെ വണ്ടിയോടിക്കാം. എന്നാല്‍ യാതൊരു ബന്ധവുമില്ലാത്തവര്‍ക്ക് പണം വാങ്ങിച്ച് വാഹനം ഓടിക്കാന്‍ നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കേണ്ട. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും വേണ്ട. വാഹനം വാടകയ്ക്ക് നല്‍കണമെന്നുണ്ടെങ്കില്‍ അത് നിയമപരമായി വേണം നല്‍കാന്‍. അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാതെ പാവം ടാക്‌സിക്കാരുടെ വയറ്റത്തടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

'ആരും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ട. ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ട. നിങ്ങള്‍ക്ക് വാഹനം വാടകയ്ക്കു നല്‍കണമെങ്കില്‍ നിയമപരമായി നല്‍കാം. ഇതിനായി റജിസ്‌ട്രേഷന്‍ ചെയ്യണം. ബ്ലാക്ക് ആന്റ് വൈറ്റ് ബോര്‍ഡ് വച്ച് ഓടിക്കാം. അല്ലാതെ പാവം ടാക്‌സിക്കാരുടെ വയറ്റത്തടിക്കരുത്. അവര്‍ കള്ളടാക്‌സികള്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഓട്ടോക്കാരും ടാക്‌സിക്കാരും നികുതി അടച്ചാണ് വാഹനം ഓടിക്കുന്നത്. അവരെ മണ്ടന്‍മാരാക്കി കൊണ്ടാണ് നികുതി അടയ്ക്കാത്ത ചില ആളുകള്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ കൊടുക്കുന്നത്. ഇതു തെറ്റു തന്നെയാണ്'' ഗണേഷ് കുമാര്‍ പറഞ്ഞു.

''ആലപ്പുഴ കളര്‍കോട് അപകടത്തിലും ഇതു തന്നെയാണ് നടന്നത്. ആ കാറിന്റെ ഉടമ എത്ര ഉച്ചത്തില്‍ സംസാരിച്ചാലും പണം വാങ്ങിയാണു കുട്ടികള്‍ക്ക് വാഹനം നല്‍കിയത്. അതു തെറ്റാണ്. ചുറ്റുപാടും താമസിക്കുന്നവരോട് പൊലീസും എംവിഡിയും ചോദിക്കും. ആര്‍സി ഉടമയുടെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മീഷണര്‍ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാന്‍ കൊടുക്കരുതെന്നാണ്. ശക്തമായ നടപടി എടുക്കും. അത് ചില്ലറ നടപടി ആയിരിക്കില്ല.'' ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Tags:    

Similar News