സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും; ആലപ്പുഴയിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തി; അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ചൊവ്വാഴ്ച അവധി
സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന വടക്കന്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നിലവിലെ മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴ) ആയി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ത്തി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥവകുപ്പ് അര്‍ത്ഥമാക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലെ നിലവിലെ പച്ച അലര്‍ട്ട് (നേരിയ / ഇടത്തരം മഴ) മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തിയിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാറ്റും മഴയും ശക്തമായി തുടരുകയാണ്. ഇതേതുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിയാണ് സുരക്ഷാ ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രെഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.
കാസര്‍കോട്ടും അവധി
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കാസര്‍കോട് ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നു. ജില്ലയിലെമ്പാടും ഇന്ന് വ്യാപക മഴയാണ് ലഭിച്ചത്. കനത്തമഴയില്‍ നാഷണല്‍ ഹൈവേയിലെ അവസ്ഥ പുഴ പോലെയായിരുന്നു. കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കാസറഗോഡ് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നുമാണ്. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
മലപ്പുറത്തും ആലപ്പുഴയിലും അവധി
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (ഡിസംബര്‍ 3) അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.
ആലപ്പുഴ ജില്ലയിലും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും, അങ്കണവാടികള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.