ഒന്നര വയസുള്ള മകളെ സാക്ഷിയാക്കി മാതാവിന്റെ തലയറുത്ത ക്രൂരന്‍; സംശയ രോഗത്തിന്റെ മൂര്‍ധന്യത്തില്‍ നടന്ന കൊല; പോലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റസമ്മതം; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയെങ്കിലും പോലീസ് പൊക്കി; ആ ക്രൂരന് ഒടുവില്‍ വധശിക്ഷ

ഒന്നര വയസുള്ള മകളെ സാക്ഷിയാക്കി മാതാവിന്റെ തലയറുത്ത ക്രൂരന്‍

Update: 2024-12-08 04:40 GMT

മാവേലിക്കര: ഒന്നര വയസുള്ള മകളുടെ മുന്നിലിട്ട് മാതാവിനെ തലയറുത്തു കൊല്ലുക. രണ്ടു ദിവസം മൃതദേഹത്തിന് കാവലിരിക്കുക. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം. ജാമ്യത്തലിറങ്ങി മുങ്ങിയ ശേഷം വര്‍ഷങ്ങള്‍ നീണ്ട അജ്ഞാതവാസം. പോലീസ് പിടികൂടി കോതിയില്‍ എത്തിച്ചതിന് പിന്നാലെ വിചാരണ. സംശയരോഗത്തിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി കൊന്ന കുറ്റത്തിന് നരാധമന് വിധിച്ചത് വധശിക്ഷയും.

രണ്ട് പതിറ്റാണ്ട് മുമ്പ് മാന്നാര്‍, ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തി (39) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനെ (60)യാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഒരുലക്ഷം രൂപ പിഴയും മൃതദേഹത്തോടുള്ള അനാദരവിന് ഒരുവര്‍ഷം കഠിന തടവുമുണ്ട്. പിഴത്തുകയില്‍നിന്ന് 50,000 രൂപ മകള്‍ക്ക് നല്‍കണം.

മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. സംശയരോഗിയായ പ്രതി 2004 ഏപ്രില്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഭാര്യ ജയന്തിയെ വീട്ടിനുള്ളില്‍ കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതി പിറ്റേന്ന് മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

വള്ളിക്കുന്നം രാമകൃഷ്ണഭവനത്തില്‍ വിമുക്തഭടന്‍ രാമകൃഷ്ണക്കുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മകളാണു ജയന്തി. കുട്ടികൃഷ്ണനുമായി രണ്ടാംവിവാഹമായിരുന്നു. പ്രതിക്കു മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഇല്ലെന്നും പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. ഒന്നരവയസുള്ള കുട്ടിക്കു മുന്നില്‍ നടത്തിയ ക്രൂരകൊലപാതകത്തിനു പരമാവധി ശിക്ഷ നല്‍കണമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി. സന്തോഷ്‌കുമാര്‍ വാദിച്ചു. മാന്നാര്‍ സി.ഐ ആയിരുന്ന എന്‍. അബ്ദുള്‍ റഷീദാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ജാമ്യം ലഭിച്ചശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. പ്രതിയുടെ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത, സംസ്ഥാനത്തെ ആദ്യ കേസെന്ന പ്രത്യേകതയുമുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു.

Tags:    

Similar News