പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു; പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉടമയ്ക്ക് പിഴയടിച്ച് മോട്ടോര്‍ വാഹനവകുപ്പ്

പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു

Update: 2025-07-15 14:24 GMT

പത്തനംതിട്ട : പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു, പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉടമയ്ക്ക് 10,000 രൂപ പിഴയിടുകയും, ആശുപത്രിയില്‍ 3 ദിവസത്തെ സാമൂഹിക സേവനം നിര്‍ദേശിക്കുകയും ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിച്ചു നല്‍കുന്നവര്‍ക്കെല്ലാം മുന്നറിയിപ്പാകുകയാണ് ഈ നടപടി.

പതിനേഴുകാരന്‍ മണ്ണുമാന്തിയന്ത്രവും ടിപ്പറും ഓടിക്കുകയും ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ തിരുവല്ല ജോയിന്റ് ആര്‍ ടി ഓ, വാഹനങ്ങളുടെ ഉടമയ്ക്ക് 10,000 രൂപ പിഴയിടുകയും ഗവണ്മെന്റ് ആശുപത്രിയില്‍ മൂന്ന് ദിവസത്തെ സാമൂഹിക സേവനം ഉത്തരാവുകയും ചെയ്തു.തിരുവല്ല കവിയൂര്‍ പടിഞ്ഞാറ്റുശ്ശേരി കാട്ടാശ്ശേരി കുഞ്ഞുമോന്‍ ആണ് ശിക്ഷണനടപടികള്‍ക്ക് വിധേയനായത്.

മറ്റൊരു കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി വന്നതിനെതുടര്‍ന്ന് തിരുവല്ല പോലീസ് കുറ്റപ്പുഴ സ്വദേശിയായ പ്ലസ് ടൂ വിദ്യാര്‍ത്ഥിയോട് ഈമാസം 12 നാണ് പരാതി സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയറിഞ്ഞത്. ഇതിനിടെയാണ് ജെ സി ബിയും ടിപ്പറും ഓടിച്ചതും, ദൃശ്യങ്ങള്‍ റീല്‍സ് ആയി സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇട്ടതും കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന്, തിരുവല്ല പോലീസ് വീഡിയോ പരിശോധിക്കുകയും, ഉടമയ്ക്കെതിരെ കര്‍ശന നിയമനടപടിക്കായി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് അന്നുതന്നെ തിരുവല്ല ജോയിന്റ് ആര്‍ ടി ഒയ്ക്ക് അയക്കുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ് ആണ് റിപ്പോര്‍ട്ട് അയച്ചത്. സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്ന കുറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി സ്വീകരിച്ചത്.

കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചതുപ്രകാരം, ജോയിന്റ് ആര്‍ ടി ഓ, വാഹനങ്ങള്‍ കുട്ടിക്ക് ഓടിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ കുറ്റക്കാരനെന്ന് കണ്ട് ഉടമയ്ക്ക് പിഴയും സാമൂഹിക സേവനവും 14 ന് ഉത്തരവാകുകയായിരുന്നു. തിരുവല്ല കുറ്റൂര്‍ ഭാഗത്ത് മണ്ണെടുക്കുന്ന സ്ഥലത്താണ് വാഹനങ്ങള്‍ ഉടമയുടെ അനുവാദത്തോടെ 17 കാരന്‍ ഓടിച്ചത്. നടപടി വന്നതോടെ കുട്ടി വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു.


Tags:    

Similar News