മണിപ്പൂരില്‍ രണ്ടുപേര്‍ വെന്തുമരിച്ചു; സംഭവം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി ആയുധധാരികള്‍ കൊല്ലപ്പെട്ടതിനെ പിന്നാലെ; മൂന്ന് സ്ത്രീകളേയും കുട്ടികളേയും കാണാതായെന്ന് പോലീസ്; നിരോധനാജ്ഞ, കുക്കി ഭൂരിപക്ഷ മേഖലകളില്‍ ബന്ദ്: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ
ഇംഫാല്‍: മണിപ്പൂരില്‍ രണ്ടുപേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി ആയുധധാരികള്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ പിന്നാലെയാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച കലാപകാരികള്‍ തീയിട്ട ജാകുരദോര്‍ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളില്‍നിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാതായിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി.
ഇരകളായവര്‍ മെയ്തേയ് വിഭാഗക്കാരാണെന്നാണ് റിപ്പോര്‍ട്ട്. അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 11 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ കുക്കി ഭൂരിപക്ഷ മേഖലകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
കേന്ദ്രം അസമിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയില്‍ ബോറോബെക്രയിലുള്ള പോലിസ് സ്റ്റേഷനും സമീപത്തെ സി.ആര്‍.പി.എഫ് ക്യാമ്പിനും നേരെ ആയിരുന്നു അക്രമികള്‍ തിങ്കളാഴ്ച വെടിയുതിര്‍ത്തത്. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.
ജിരിബാമില്‍ പിട് സ്ഥിതി ശാന്തമായിരുന്നുവെങ്കിലും സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാസേന ചൊവ്വാഴ്ച പെട്രോളിങ് ശക്തമാക്കിയിരുന്നു. അതേസമയം, ജിരിബാമിലെ വെടിവെപ്പിനുശേഷം ഇംഫാല്‍ താഴ്വരയിലെ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
സായുധസംഘങ്ങള്‍ പരസ്പരം വെടിയുതിര്‍ത്തു. കലാപകാരികളെ നേരിടാനായി അസം റൈഫിള്‍സും സി.ആര്‍.പി.എഫും കൂടുതല്‍ സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചിരിക്കുകയാണ്.