അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ ഇനി മണിക്കൂറുകൾ മാത്രം; ‘ഫെംഗൽ’ പുതുച്ചേരിയിൽ വീശിയടിക്കും; 70 കി.മീ വേഗതയിൽ കര തൊടും; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്; തമിഴ്‌നാട്ടിൽ അതീവ ജാഗ്രത!
ചെന്നൈ: അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ഫെംഗൽ’ ചുഴലിക്കാറ്റിനെ നേരിടാൻ ജാഗ്രത നടപടികളുമായി അധികൃതർ രംഗത്ത്. ബംഗാൾ ഉൾക്കടലിലുള്ള അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി പുതുച്ചേരി തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കുറച്ചു മണിക്കൂറുകൾ മാത്രമാണ് ചുഴലിക്കാറ്റിന്റെ വേഗത കൈവരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായ ശേഷം അതിതീവ്രന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യത എന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ പുതുച്ചേരി തീരത്ത് കാരക്കലിനും മഹാബലി പുരത്തിനും ഇടയില്‍ കര തൊടുമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. മണിക്കൂറിൽ പരമാവധി 70 കി.മീ വരെ വേഗതയിൽ ആയിരിക്കും കരയിൽ പ്രവേശിക്കുക.
ശേഷം കരയിൽ പ്രവേശിച്ച് ശക്തി കുറഞ്ഞ് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ മുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ടുതന്നെ ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി. ഗൾഫ് രാജ്യമായ സൗദി അറേബ്യ നിർദേശിച്ച ഫെംഗൽ (FENGAL) എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു. മയിലാടുതുറൈ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഉയർന്ന തിരമാലകൾക്കും സാധ്യത ഉണ്ട്. തമിഴ്നാട്ടിൽ പലയിടങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.