'മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ല; മറ്റു ഭക്തര്‍ക്ക് അസൗകര്യമാകരുത്'; അവബോധമുണ്ടാക്കണമെന്ന് ഹൈക്കോടതി; വ്ലോഗര്‍മാര്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കാനും നിര്‍ദേശം
ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി
കൊച്ചി: ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഈ ചടങ്ങുകള്‍ ആചാരത്തിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ മറ്റുള്ള ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇക്കാര്യം സംബന്ധിച്ച് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങള്‍ പരസ്യപ്പെടത്തണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
മറ്റു ഭക്തര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരീക്ഷിച്ച കോടതി, ഇത്തരം കാര്യങ്ങള്‍ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ലെന്നും ചൂണ്ടിക്കാട്ടി. ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കാന്‍ പാടില്ല. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അയ്യപ്പന്‍മാരെ അറിയിക്കാന്‍ അനൗണ്‍സ്മെന്റ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.
ശബരിമലയില്‍ വ്ലോഗര്‍മാര്‍ വീഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പതിനെട്ടാം പടിയില്‍നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ പകര്‍ത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. ദേവസ്വംബോര്‍ഡ് അനുമതി നല്‍കുന്നവര്‍ക്ക് ചടങ്ങുകള്‍ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
പതിനെട്ടാം പടിയില്‍ പൊലീസുകാര്‍ നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോഓര്‍ഡിനേറ്റര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി. ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നു ശ്രീജിത്ത് നേരിട്ടു ഹാജരാകുമെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി.
പമ്പ നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് കത്തിയ സംഭവത്തില്‍ 4 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. അപകടത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാറ്ററിയില്‍ നിന്നുള്ള കേബിളുകള്‍ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട ഡിപ്പോയിലെ രാജേഷ് കുമാര്‍, ലാല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്പര്‍വൈസര്‍ ഡിപ്പോ എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.