പാകിസ്ഥാനെക്കാളും കുറഞ്ഞ നികുതി; താരിഫ് പോരാട്ടത്തില്‍ ഇന്ത്യ മുന്‍പില്‍; കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടം; ആശങ്ക ഒഴിയാതെ കര്‍ഷകര്‍; ട്രംപുമായുള്ള മോദിയുടെ സൗഹൃദം ഗുണമായെന്ന് വാണിജ്യമന്ത്രി; പ്രതിപക്ഷത്തിന് വിമര്‍ശനം; ഇന്ത്യ-അമേരിക്ക വ്യപാര കരാറിലെ കൂടുതല്‍ വിവരങ്ങള്‍
ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായെങ്കിലും കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ ആശങ്ക ശക്തമാകുന്നു. രാജ്യത്തെ കര്‍ഷകരുടെയും ജനങ്ങളുടെയും കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഇതുമൂലം തനിക്ക് വ്യക്തിപരമായി പല നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കുമെന്നും അതിന് തയ്യാറാണെന്നും മോദി പറഞ്ഞു. എന്നാല്‍ കരാര്‍ സംബന്ധിച്ച് അമേരിക്കയില്‍ നിന്നുള്ള വാര്‍ത്ത ഇന്ത്യയിലെ കര്‍ഷകരെ സംബന്ധിച്ചടുത്തോളം ആശങ്ക ഉയര്‍ത്തുന്നതാണ്. അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ വിപണി തുറന്നു നല്‍കിയെന്ന് യു എസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് അവകാശപ്പെട്ടതാണ് ആശങ്കകള്‍ക്ക് ഇടയാക്കുന്നത്. ക്ഷീര ഉത്പന്നങ്ങള്‍ കരാറിന്റെ പരിധിയില്‍ വരുമോ എന്നതിലടക്കം തത്ക്കാലം വ്യക്തതയുണ്ടായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ഉഷ്മളമായ വ്യക്തിബന്ധം കരാറിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായകമായെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. അയല്‍രാജ്യങ്ങളെക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും, കാര്‍ഷിക മേഖലയിലെ ഇളവുകള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമാണ്. അയല്‍രാജ്യങ്ങളെ കടത്തിവെട്ടി അമേരിക്കന്‍ വിപണിയില്‍ ചൈനയ്ക്കും പാകിസ്ഥാനും ലഭിക്കുന്നതിനേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍സ്, സമുദ്രോല്‍പ്പന്നങ്ങള്‍, തുകല്‍ വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് ഈ താരിഫ് കുറവ് വലിയ ഉണര്‍വ് നല്‍കും.
പാര്‍ലമെന്റില്‍ ഇത് പറയാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. അയല്‍ രാജ്യങ്ങളെക്കാള്‍ മികച്ച കരാറാണ് ഇന്ത്യയ്ക്ക് കിട്ടിയത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്. കാര്‍ഷിക - ക്ഷീര ഉത്പന്നങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയുള്ള കരാറാണ് അമേരിക്കയും ഇന്ത്യയും തമ്മില്‍ ധാരണയിലെത്തിയതെന്നും പിയൂഷ് ഗോയല്‍ വിവരിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ നേട്ടം ഉണ്ടാകും. ലക്ഷകണക്കിന് രൂപയുടെ നിക്ഷേപം കരാറിലൂടെ കിട്ടും. സംയുക്ത പ്രസ്താവനയും വിശദാംശങ്ങളും വൈകാതെ പുറത്തു വിടും എന്നും പിയൂഷ് ഗോയല്‍ വിവരിച്ചു. കരാറിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവും വാണിജ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. ഇന്ത്യ - യു എസ് കരാറിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി കള്ളം പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പ് എന്നും പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. 50 ശതമാനം താരിഫ് വന്നപ്പോള്‍ കരാറെവിടെ എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. ഇപ്പോള്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിനെതിരെ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍. മുമ്പ് കോണ്‍ഗ്രസ് രാജ്യത്ത് അടിച്ചേല്‍പ്പിച്ച ആസിയാന്‍ കരാര്‍ വേണ്ടെന്നു വച്ചത് നരേന്ദ്ര മോദിയാണെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കര്‍ഷകരെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല എന്നാണ് ഇന്ത്യ - അമേരിക്ക തര്‍ക്കം രൂക്ഷമായ സമയത്ത് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ കാര്‍ഷിക ഉത്പന്നങ്ങളും ഇന്ത്യ വാങ്ങും എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. അമേരിക്കയിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാകുമെന്ന് യു എസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സും അറിയിച്ചു. ഇത് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വലിയ വിപണി ഒരുക്കുമെന്നാണ് ബ്രൂക്ക് റോളിന്‍സിന്റെ അവകാശവാദം. കാര്‍ഷിക, ക്ഷീര ഉത്പന്നങ്ങളുടെ തീരുവയില്‍ തട്ടിയാണ് നേരത്തെ ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ നിലച്ചത്. ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുള്ള തീരുവ 50 ല്‍ നിന്ന് 18 ആയി കുറച്ചത് ടെക്‌സ്‌റ്റൈല്‍സ് സമുദ്രോല്പന്നം, തുകല്‍ തുടങ്ങിയ മേഖലകള്‍ക്ക് വന്‍ ഉണര്‍വാണുണ്ടാക്കിയിരിക്കുന്നത്. മറ്റു വികസ്വര രാജ്യങ്ങളെക്കാള്‍ കുറവ് തീരുവ ഇന്ത്യയ്ക്ക് ട്രംപ് പ്രഖ്യാപിച്ചതും നേട്ടമാണ്. എന്നാല്‍ കാര്‍ഷിക രംഗത്ത് അമേരിക്കന്‍ ഉത്പന്നങ്ങളുമായി രാജ്യത്തെ കര്‍ഷകര്‍ക്ക് മത്സരിക്കേണ്ട സാഹചര്യം ഇത് ഒരുക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ശക്തമായിട്ടുള്ളത്. ഇതാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതും.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതോടെ താരിഫിന്റെ കാര്യത്തില്‍ ദക്ഷിണ, തെക്കുകിഴക്കന്‍ ഏഷ്യയിലെ മറ്റ് കയറ്റുമതി രാജ്യങ്ങളെക്കാള്‍ ഇളവ് നേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ മേലുള്ള താരിഫ് 18 ശതമാനമായാണ് കുറച്ചത്. ഇന്തോനേഷ്യക്ക് 19 ശതമാനവും ബംഗ്ലാദേശിനും വിയറ്റ്‌നാമിനും 20 ശതമാനവും വീതവുമാണ് യുഎസ് താരിഫ്. മാത്രമല്ല, ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്ക് വളരെ കുറഞ്ഞ താരിഫാണ്, കാരണം ചൈനയ്ക്ക് യുഎസ് 34 ശതമാനം താരിഫ് ചുമത്തിയിട്ടുണ്ട്. കൂടാതെ പാകിസ്ഥാനെക്കാളും ഇന്ത്യ അല്പം മെച്ചപ്പെട്ട നിലയിലാണ്, കാരണം പാകിസ്ഥാന് നിലവില്‍ 19 ശതമാനം താരിഫ് ഉണ്ട്.
യുഎസ് താരിഫ് നിരക്കുകള്‍
ഇന്തോനേഷ്യ 19%
ബംഗ്ലാദേശ് 20%
വിയറ്റ്‌നാം 20%
ചൈന 34%
പാകിസ്ഥാന്‍ 19%
റഷ്യന്‍ എണ്ണയില്‍ എതിര്‍പ്പ്
അതേസമയം ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ ചുമത്തിയ അധിക 25 ശതമാനം താരിഫ് വാഷിംഗ്ടണ്‍ പിന്‍വലിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് സ്ഥിരീകരിച്ചു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് 'കുറയ്ക്കുക മാത്രമല്ല, പൂര്‍ണ്ണമായും നിര്‍ത്തണം' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നതിന് പകരമായി ഇന്ത്യന്‍ ഇറക്കുമതിക്ക് മേലുള്ള താരിഫ് പിന്‍വലിക്കുമോ എന്ന് എഎന്‍ഐ ചോദിച്ചപ്പോള്‍, ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'അതെ, എങ്കിലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കുക മാത്രമല്ല, പൂര്‍ണ്ണമായും നിര്‍ത്തണം എന്നതാണ് കരാര്‍.
കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യത്തില്‍ ആശങ്ക ശക്തം
കാര്‍ഷിക, ക്ഷീര ഉത്പന്നങ്ങളുടെ തീരുവയില്‍ തട്ടിയാണ് നേരത്തെ ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ നിലച്ചത്. ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുള്ള തീരുവ 50 ല്‍ നിന്ന് 18 ആയി കുറച്ചത് ടെക്‌സ്‌റ്റൈല്‍സ് സമുദ്രോല്പന്നം, തുകല്‍ തുടങ്ങിയ മേഖലകള്‍ക്ക് വന്‍ ഉണര്‍വാണുണ്ടാക്കിയിരിക്കുന്നത്. മറ്റു വികസ്വര രാജ്യങ്ങളെക്കാള്‍ കുറവ് തീരുവ ഇന്ത്യയ്ക്ക് ട്രംപ് പ്രഖ്യാപിച്ചതും നേട്ടമാണ്. എന്നാല്‍ കാര്‍ഷിക രംഗത്ത് അമേരിക്കന്‍ ഉത്പന്നങ്ങളുമായി രാജ്യത്തെ കര്‍ഷകര്‍ക്ക് മത്സരിക്കേണ്ട സാഹചര്യം ഇത് ഒരുക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ശക്തമായിട്ടുള്ളത്. ഇതാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതും.
ഇന്ത്യയില്‍ കാര്യമായ ഉത്പാദനം ഇല്ലാത്ത കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് അനുമതി എന്നാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിനു ശേഷം കേന്ദ്രം വിശദീകരിച്ചത്. ക്ഷീര ഉത്പന്നങ്ങള്‍ കരാറിന്റെ പരിധിയില്‍ വരില്ലെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആപ്പിള്‍ അടക്കം ഇറക്കുമതി ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന് അനുമതി നല്‍കിയതിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച സമരം പ്രഖ്യാപിച്ചിരിക്കെ ആണ് അമേരിക്കയുമായുള്ള കരാറിന്റെ കാര്യത്തിലും ആശങ്ക ശക്തമാകുന്നത്.
വിലയിരുത്തല്‍:
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ നിക്ഷേപം കൊണ്ടുവരുമെന്ന് പറയപ്പെടുന്ന ഈ കരാര്‍, കാര്‍ഷിക രംഗത്ത് അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കേണ്ട സാഹചര്യം ഒരുക്കുമോ എന്നതാണ് ഇനിയുള്ള വെല്ലുവിളി. കരാറിന്റെ പൂര്‍ണ്ണരൂപം പുറത്തുവരുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കും.
