'നിയമത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു; സ്വകാര്യതയുടെ ലംഘനം'; മതപരിവര്‍ത്തന നിയമത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയില്‍; കേന്ദ്രസര്‍ക്കാരിനും 12 സംസ്ഥാനങ്ങള്‍ക്കും നോട്ടീസ്
ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമം ചോദ്യംചെയ്ത് നാഷണല്‍ കൗണ്‍സില്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍.സി.സി.ഐ) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെയും 12 സംസ്ഥാനങ്ങളുടെയും വിശദീകരണം തേടി. നാലാഴ്ചക്കകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്ന്, നേരത്തെയുള്ള ഹര്‍ജികള്‍ക്കൊപ്പം പുതിയ ഹര്‍ജിയും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സമാന ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. തങ്ങളുടെ മറുപടി തയാറാണെന്നും ഉടന്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് പൊതുതാല്‍പര്യ ഹര്‍ജി. നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും 12 സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (NCCI) ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി നടപടി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ 12 സംസ്ഥാനങ്ങളോടാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് എന്‍.സി.സി.ഐ ഹരജിയില്‍ ആവശ്യപ്പെട്ടു. ഒഡിഷയും രാജസ്ഥാനും മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് നേരത്തെയുള്ള ഹര്‍ജികളില്‍ ഇല്ലെന്നും സംഘടനക്കുവേണ്ടി ഹാജരായ മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വന്നിട്ടുണ്ടെന്നും അവയും കോടതികളില്‍ ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്രത്തിന് പുറമേ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, ഛത്തിസ്ഗഢ്, അരുണാചല്‍പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. മറുപടി ലഭിച്ചശേഷം നിയമങ്ങള്‍ സ്റ്റേ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
നിയമത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു:
അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: ഈ നിയമങ്ങള്‍ സമാന്തര സേനകള്‍ക്കും (vigilante groups) തീവ്രവാദ നിലപാടുള്ളവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്താന്‍ പ്രോത്സാഹനമാകുന്നു.
വ്യാജ പരാതികള്‍: കൃത്യമായ തെളിവുകളില്ലാതെ പോലും ആര്‍ക്കും പരാതി നല്‍കാമെന്നും ഇതുമൂലം നിരപരാധികള്‍ ജയിലിലാകുന്നുവെന്നും മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ കോടതിയില്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യതയുടെ ലംഘനം: വിവാഹത്തിന് മുമ്പോ മതപരിവര്‍ത്തനത്തിന് മുമ്പോ അധികൃതരെ അറിയിക്കണമെന്ന വ്യവസ്ഥ വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
3. നിയമപരമായ പശ്ചാത്തലം
നേരത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലായിരുന്ന ഇത്തരം ഹര്‍ജികള്‍ സുപ്രീം കോടതി തങ്ങളിലേക്ക് മാറ്റിയിരുന്നു. വിവാഹങ്ങള്‍ വഴി നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ എന്ന പേരിലാണ് മിക്ക സംസ്ഥാനങ്ങളും ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍, ഇത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണോ എന്നാണ് സുപ്രീം കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. പൗരന്മാരുടെ മതം മാറ്റാനുള്ള അവകാശത്തെക്കാള്‍ ഉപരിയായി, ഒരാളുടെ മനസാക്ഷിക്കനുസരിച്ച് മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഈ നിയമങ്ങള്‍ വഴി ചോദ്യം ചെയ്യപ്പെടുന്നുണ്ടോ എന്നതാണ് കോടതിയുടെ പ്രധാന പരിഗണനാ വിഷയം.
