സില്‍വര്‍ലൈന്‍ ഔട്ട്, ഇനി റാപ്പിഡ് റെയില്‍; അതിവേഗ റെയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകാന്‍ സമ്മതിക്കില്ല; 1.92 ലക്ഷം കോടിയുടെ പദ്ധതിക്ക് ഉത്തരവിറങ്ങി; തൂണുകളിലൂടെയും തുരങ്കത്തിലൂടെയും പാത; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച് ഇ.ശ്രീധരന്‍
ആര്‍ ആര്‍ ടി എസ് ഉത്തരവിറങ്ങി
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളിലും സാങ്കേതിക തടസ്സങ്ങളിലും കുടുങ്ങിയ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായി ഡല്‍ഹി-മീററ്റ് മാതൃകയില്‍ സംസ്ഥാനത്ത് റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) നടപ്പാക്കാനുള്ള ഉത്തരവിറങ്ങി. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
1.92 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയായിരിക്കും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രധാന ആക്ഷേപമായിരുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം മറികടക്കാന്‍ പൂര്‍ണ്ണമായും തൂണുകളിലൂടെയും തുരങ്കത്തിലൂടെയുമാകും പുതിയ പാത നിര്‍മ്മിക്കുക.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്ററാണ് റെയില്‍ പാതയുടെ നീളം. പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സില്‍വര്‍ലൈനിന് റെയില്‍വേ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ആര്‍ആര്‍ടിഎസ് മാതൃകയിലേക്ക് കേരളം ചുവടുമാറിയത്. ബജറ്റിന് തൊട്ടുമുമ്പുള്ള പ്രഖ്യാപനത്തിലൂടെ അതിവേഗ റെയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകുന്നത് തടയാനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. പദ്ധതിക്കായി കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി കേരളം ഉടന്‍ കത്തയയ്ക്കും.
ആകെ ചെലവിന്റെ 60 ശതമാനം തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം. ബാക്കി തുകയില്‍ 20 ശതമാനം വീതം സംസ്ഥാനവും കേന്ദ്രവും വഹിക്കണം. ഡിപിആര്‍ സമര്‍പ്പിച്ചാല്‍ പദ്ധതി ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഗതാഗത വകുപ്പിനാണ് പദ്ധതി ഏകോപനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കല്‍.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ 'മെട്രോ മാന്‍' ഇ. ശ്രീധരന്‍ രംഗത്തെത്തി. നഗരങ്ങളില്‍ മാത്രം പ്രയോജനപ്പെടുന്ന ആര്‍ആര്‍ടിഎസ് കേരളത്തില്‍ പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും കേന്ദ്ര നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരംകണ്ണൂര്‍ അതിവേഗ പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന ജോലികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇ. ശ്രീധരന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത്.
