'വണ്ടി പോകുന്നത് ചിന്തിക്കാതെ പാലം പണിതു; തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവ്; വാഹനം തിരിക്കാന്‍ കഴിയാത്ത അവസ്ഥ; അശാസ്ത്രീയ നിര്‍മാണം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണം'; തുറന്നുപറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍; ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ 'അബദ്ധം' തിരുത്താന്‍ ഒന്നരക്കോടി
തിരുവനന്തപുരം: എറണാകുളത്തെ വൈറ്റില മേല്‍പ്പാലത്തിന്റേത് അശാസ്ത്രീയ നിര്‍മാണമാണെന്നും പാലം തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതരമായ പിഴവുണ്ട്. പാലത്തിന്റെ താഴെ വാഹനം തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. അശാസ്ത്രീയ നിര്‍മാണം നീക്കി പുതുക്കിപ്പണിയാനായി ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
'എറണാകുളത്ത് വൈറ്റിലയില്‍ ഒരു ഫ്ളൈഓവറുണ്ട്. അശാസ്ത്രീയമായി തൂണുകള്‍ അവിടെയും ഇവിടെയുമൊക്കെ വെച്ചു. റോഡില്‍കൂടി വണ്ടി പോകുന്നത് ചിന്തിക്കാതെ ആ പാലമങ്ങ് പണിഞ്ഞു. താഴെക്കൂടെ വണ്ടിപോകും എന്നകാര്യം ഈ പാലം പണിഞ്ഞയാള്‍ ചിന്തിച്ചില്ല. അയാളെ സംബന്ധിച്ച് പാലം പണിയുക എന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ എങ്ങും തിരിയാനൊക്കൂല, കാരണം തൂണുകള്‍ വശക്കേടായി വെച്ചിരിക്കുകയാണ്. ഈ പാലം പണിയുമ്പോള്‍ കൃത്യമായി താഴത്തെ ട്രാഫിക് കൂടെ പരിഗണിച്ച് അത് ടേണ്‍ ചെയ്യാനുള്ള സൗകര്യം കൂടെ കൊടുത്തിട്ട് അതില്‍ തൂണ് പണിതിരുന്നെങ്കില്‍ പാലത്തിന് ബലവും കിട്ടിയേനെ, കുരുക്കും ഒഴിഞ്ഞേനെ. ഇപ്പോള്‍ കുരുക്കഴിക്കാന്‍ വലിയ പാടായി മാറിയിരിക്കുകയാണ്. താഴെ മൊത്തം സിമന്റിട്ട് ഐലന്‍ഡ് ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വണ്ടി തിരിയില്ല, ബസ് തിരിയാന്‍ പറ്റില്ല, കാര്‍ തിരിയാന്‍ പറ്റില്ല, അങ്ങനെ ആകെ കുഴപ്പമാണ്. അത് തല്ലിപ്പൊട്ടിച്ച് കളഞ്ഞ് പുതുക്കിപ്പണിയാനാണ് ഒന്നരക്കോടി. എന്നാലും എത്രത്തോളം ശരിയാകുമെന്ന് നമുക്കറിഞ്ഞൂടാ'' മന്ത്രി പറഞ്ഞു.
അശാസ്ത്രീയമായ റോഡ് നിര്‍മാണം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്പോട്ടുകള്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ പോലും ആറോളം ബ്ലാക്ക് സ്പോട്ടുകള്‍ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗില്‍ റോഡ് ഡിസൈനിംഗ് കൂടി ഉള്‍പ്പെടുത്തണം. റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.
വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണത്തെക്കുറിച്ച് നേരത്തെ മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ട്രാഫിക് കുരുക്ക് അഴിക്കാനായി ലക്ഷ്യമിട്ട് പണിത പാലം നിര്‍മാണത്തിനു ശേഷം ട്രാഫിക് കുരുക്ക് വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. ഉദ്ഘാടനം നിര്‍വഹിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും കാര്യമായ മാറ്റമില്ല. ഗതാഗത കുരുക്കിന് പരിഹാരം ഉറപ്പ് നല്‍കിയാണ് വൈറ്റിലയിലെ പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. എന്നാല്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ് വൈറ്റില. തലതിരിഞ്ഞ പാലം നിര്‍മാണവും, വാഹനപ്പെരുപ്പവും, ട്രാഫിക് പരിഷ്‌കരണങ്ങളും കാരണം ശപിച്ചുകൊണ്ടാണ് യാത്രക്കാര്‍ വൈറ്റില കടക്കുന്നത്.
കടന്നുപോയവരൊന്നും പിന്നീടൊരിക്കലും വരാന്‍ ആഗ്രഹിക്കാത്ത കേരളത്തിലെ തിരക്കേറിയ കവലയായിരുന്നു ഒരു കാലത്ത് വൈറ്റില. ഏറെ വൈകിയാണ് പരിഹാരമാര്‍ഗമൊരുങ്ങിയത്. വൈറ്റിലയില്‍ മേല്‍പാലമുയര്‍ന്നപ്പോള്‍ യാത്രക്കാരുടെ പ്രതീക്ഷയും വാനോളം ഉയര്‍ന്നു. പാലം ഡിസൈന്‍ ചെയ്ത കിറ്റ്‌കോയിലെ ഉദ്യോഗസ്ഥര്‍ ഇതുവഴി പോയാല്‍ നാണിച്ച് തലതാഴ്ത്തും. അത്രയ്ക്ക് അവിയല്‍ പരുവമാണ് ഇവിടം. പാലത്തിനടിയിലൂടെ ചുരുങ്ങിയത് ആറ് ഭാഗത്തേക്കാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇടുങ്ങിയ വഴിയാണ് പാലത്തിനടിയില്‍. അടിയ്ക്കടിയുള്ള ട്രാഫിക് പരിഷ്‌കാരങ്ങളും യാത്രാക്കാരെ വീര്‍പ്പ്മുട്ടിക്കുന്നു. വൈറ്റിലയില്‍ 20 വര്‍ഷം മുന്നില്‍ കണ്ടുള്ള മാസ്റ്റര്‍പ്ലാന്‍ വേണമെന്നാണ് ഇത്രയൊക്കെ ചെയ്തശേഷവും അധികൃതര്‍ പറയുന്നത്.
