ഒബിസികള്‍ എന്‍ഡിഎക്കൊപ്പം; യാദവ-മുസ്ലീം സമുദായങ്ങളുടെ പ്രീതി നിലനിര്‍ത്തി ആര്‍ജെഡിയും കോണ്‍ഗ്രസും; ബിഹാറില്‍ ഫോട്ടോ ഫിനിഷെന്നും എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കമെന്നും ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍; 160 സീറ്റോടെ എന്‍ഡിഎ അധികാരത്തിലേറുമെന്ന് ടുഡേയ്‌സ് ചാണക്യ; രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി പുറത്ത്

രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി പുറത്ത്

Update: 2025-11-12 15:15 GMT

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി പുറത്തുവന്നു. ചൊവ്വാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെ ടുഡേയ്‌സ് ചാണക്യ എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യയാകട്ടെ ഫോട്ടോ ഫിനിഷെന്നും എന്‍ഡിഎയ്ക്ക് മഹാഗഡ്ബന്ധനെക്കാള്‍ നേരിയ മുന്‍തൂക്കവും കണക്കാക്കുന്നു,

ടുഡേയ്‌സ് ചാണക്യ

160 സീറ്റോടെ എന്‍ഡിഎ അധികാരത്തിലേറും. അതില്‍ മാര്‍ജിന്‍ ഓഫ് ഇറര്‍ 12 ആണ്. 12 സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാം. അതായത് ബിജെപി-ജെഡിയു സഖ്യം 148 നും 172 നും ഇടയില്‍ സീറ്റില്‍ ജയിക്കും. ആര്‍ജെഡി നയിക്കുന്ന മഹാഗഡ്ബന്ധനാകട്ടെ, 77 സീറ്റാണ് കിട്ടുക. മാര്‍ജിന്‍ ഓഫ് ഇറര്‍-12. അതായത് 65 നും 89 നും മധ്യേ സീറ്റുകള്‍ നേടിയെടുക്കും.

ആക്‌സിസ് മൈ ഇന്ത്യ

അതേസമയം, ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളില്‍, എന്‍ഡിഎയും മഹാഗഡ്ബന്ധനും തമ്മില്‍ കടുത്ത പോരാട്ടമാണെന്ന് പറയുന്നു. നേരിയ മുന്‍തൂക്കം എന്‍ഡിഎയ്ക്കാണ്.

എന്‍ഡിഎ 121 നും 141 നും മധ്യേ സീറ്റുകള്‍ നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. മഹാഗഡ്ബന്ധന് 98-118. കിങ് മേക്കറാകുമെന്ന് കരുതിയ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് രണ്ടുപോളുകളിലും സീറ്റൊന്നും പ്രവചിക്കുന്നില്ല. മറ്റുള്ള കക്ഷികള്‍ക്ക് 1 മുതല്‍ 5 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

സര്‍വേ പ്രകാരം തേജസ്വി യാദവിന്റെ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 67 മുതല്‍ 76 വരെ സീറ്റുകള്‍ ആര്‍.ജെ.ഡിക്ക് ലഭിക്കും. നിതീഷ് കുമാറിന്റെ ജെ.ഡി.യു ആയിരിക്കും രണ്ടാമത്. 56 മുതല്‍ 62 വരെ സീറ്റുകളാവും അവര്‍ക്ക് ലഭിക്കുക. ബി.ജെ.പിയായിരിക്കും മൂന്നാമതെത്തുക 50 മുതല്‍ 56 സീറ്റ് വരെയായിരിക്കും നേടുക.

കോണ്‍ഗ്രസ് 17 മുതല്‍ 21 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. എന്നാല്‍, 121 മുതല്‍ 141 വരെ സീറ്റുകള്‍ നേടി എന്‍.ഡി.എ ഭരണം നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. 98 മുതല്‍ 118 വരെ സീറ്റുകളാവും മഹാഗഡ്ബന്ധന് ലഭിക്കുക. പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ പൂജ്യം മുതല്‍ രണ്ട് സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വേ പറയുന്നു.

വോട്ട് വിഹിതത്തിന്റെ കാര്യത്തിലും എന്‍ഡിഎ മുന്നിലാണ്. എന്‍ഡിഎക്ക് 43% വോട്ടുകള്‍ ലഭിക്കുമ്പോള്‍, ഇന്ത്യ സഖ്യത്തിന് 41% വോട്ടുകള്‍ പ്രവചിക്കുന്നു. അതുകൊണ്ട് തന്നെ ഫോട്ടോ ഫിനിഷെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 4% വോട്ട് വിഹിതം ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ഒബിസി എന്‍ഡിഎക്കൊപ്പം; യാദവ-മുസ്ലീം വോട്ട് മഹാഗഡ്ബന്ധന്

വിവിധ സമുദായങ്ങളുടെ പിന്തുണയെക്കുറിച്ചും സര്‍വേകള്‍ സൂചന നല്‍കുന്നു. എന്‍ഡിഎക്ക് ഒബിസി (63%), എസ്സി (49%), ജനറല്‍ (65%) വിഭാഗങ്ങളില്‍ മികച്ച പിന്തുണ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ വിലയിരുത്തല്‍. മറുവശത്ത്, ഇന്ത്യ സഖ്യത്തിന് യാദവ (90%), മുസ്ലീം (79%) സമുദായങ്ങളുടെ പിന്തുണ ലഭിക്കുമെന്നും പ്രവചനമുണ്ട്.

ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം കൂടുതല്‍ എന്‍ഡിഎക്ക് അനുകൂലമാണ്. എന്‍ഡിഎക്ക് 160 സീറ്റുകള്‍ ലഭിക്കുമെന്നും, ഇന്ത്യ സഖ്യത്തിന് 77 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് അവരുടെ പ്രവചനം. ആകെ വോട്ട് വിഹിതത്തില്‍ എന്‍ഡിഎക്ക് 44% ഉം, ആര്‍ജെഡിക്ക് 38% ഉം ലഭിക്കുമെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. മുസ്ലീം വിഭാഗത്തില്‍ 69% പേര്‍ ആര്‍ജെഡിയെ പിന്തുണച്ചപ്പോള്‍, ബിജെപിക്ക് 12 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

ചൊവ്വാഴ്ച പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളിലും, എന്‍ഡിഎ 130 നും 209 നും ഇടയില്‍ സീറ്റ് കിട്ടുമെന്നാണ് പ്രവചിക്കുന്നത്. 243 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്.

Tags:    

Similar News