ഇസ്രയേൽ നിർമിത സാങ്കേതികവിദ്യയിലൂടെ ചെറുപ്പമാവാം; 60 വയസുകാരെ 25 വയസുകാരാക്കി മാറ്റാമെന്ന് വാഗ്ദാനം നൽകി ദമ്പതിമാർ തട്ടിയത് 35 കോടി; പ്രതികൾ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിടുന്നതായി പോലീസ്
കാൺപൂർ: ഇസ്രയേൽ നിർമിത സാങ്കേതികവിദ്യയിലൂടെ 60 വയസുകാരെ 25 വയസുകാരാക്കി മാറ്റാമെന്ന് വാഗ്ദാനം നൽകി കോടികൾ പറ്റിച്ചതായി പരാതി. യുവ ഉത്തർപ്രദേശിലെ കാൺപൂരിൽലെ സ്വരൂപ് നഗർ സ്വദേശികളായ ദമ്പതികൾക്കെതിരെയാണ് പരാതിയുമായി നിരവധിപ്പേർ രംഗത്തെത്തിയിരിക്കുന്നത്. 35 കോടിയോളം രൂപ ഇവർ പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. രാജീവ് കുമാർ ദുബെയുടെയും ഭാര്യ രശ്മി ദുബെയുടെയും പേരിൽ വഞ്ചനാ കുറ്റം രജിസ്റ്റർ ചെയ്ത് പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക മെഷീൻ ഉപയോഗിച്ച് നടത്തുന്ന ചികിത്സകളിലൂടെ 60 വയസുകാരെ 25 വയസുകാരാക്കി മാറ്റാമെന്നായിരുന്നു ദമ്പതികളുടെ വാഗ്ദാനം. റിവൈവൽ വേൾഡ് എന്ന പേരിൽ കാൺപൂരിൽ ഇവർ ഒരു തെറാപ്പി സെന്റർ തുടങ്ങിയിരുന്നു. സാകേത് നഗറിലായിരുന്നു ഈ സംരംഭം ആരംഭിച്ചത്.
ഓക്സിജൻ തെറാപ്പി 5 ദിവസം നൽകുന്നതോടെ 3 മാസം കൊണ്ട് 35 പേരുടെ യുവത്വം തിരിച്ചുകൊണ്ട് വരാൻ ഇസ്രായേലി ശാസ്ത്രജ്ഞർക്ക് കഴിഞ്ഞതായി ഇവർ പരാതിക്കാരെ പറഞ്ഞ വിശ്വസിപ്പിച്ചു. ഇതേ സാങ്കേതിക വിദ്യയാണ് തങ്ങളുടെ സ്ഥാപനത്തിലും നടത്തുന്നതെന്നും ഇവർ പറഞ്ഞതായി പരാതിക്കാർ അറിയിച്ചു. 10 സെഷനുകൾ ഉൾപ്പെട്ട ഒരു പാക്കേജിന് 6000 രൂപയായിരുന്നു നിരക്ക്. മൂന്ന് വർഷത്തെ പാക്കേജിന് 90,000 രൂപയും വാങ്ങി. കൂടാതെ, സ്‌കീമിലേക്ക് മറ്റുള്ളവരെ ചേർക്കുന്നവർക്ക് ലാഭകരമായ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്തു.
ദമ്പതികൾ വാടകയ്ക്കാണ് കാൺപൂരിൽ താമസിച്ചിരുന്നത്. അന്തരീക്ഷവായു മലിനമാകുന്നത് കൊണ്ടാണ് പ്രായമാവുന്നതെന്നും ഓക്സിജൻ തെറപ്പിയിലൂടെ മാസങ്ങൾക്കകം ചെറുപ്പം തിരിച്ചുപിടിക്കാനാവുമെന്നും ഇവർ ഉപഭോക്താക്കളോട് പറഞ്ഞു.
രേണു സിങ് എന്ന ഒരുപഭോക്താവിൽ നിന്ന് മാത്രം 10.75 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. നൂറുകണക്കിന് പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ആകെ 35 കോടിയോളം രൂപ പലരിൽ നിന്നായി ഇവർ വാങ്ങിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കിദ്വായ് നഗർ പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്. നിരവധിപേരെ കബളിപ്പിച്ച ശേഷം ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിടുന്നതായി പോലീസ് പറഞ്ഞു.