ഭാര്യക്ക് പല്ലുവേദന ആയത് കൊണ്ട് ഒരു പോള കണ്ണ് അടയ്ക്കാതെയിരുന്ന ആ കുടുംബം; പെട്ടെന്ന് ഭീതിപ്പെടുത്തുന്ന ശബ്ദം കേട്ട് ഇറങ്ങി ഒരൊറ്റ ഓട്ടം; പുറത്തിറങ്ങി നോക്കിയപ്പോൾ സങ്കട കാഴ്ച; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അരൂർ: എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാർഡിൽ 30 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഷെഡ് തകർന്നു വീണ് ഏഴംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വീട്ടുടമ സലിയുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
സലി ഭാര്യ സനിത, മക്കളായ സരയു, സാരംഗി, സായ്‌കൃഷ്ണ, സലിയുടെ അമ്മ സുകുമാരി, അമ്മയുടെ അമ്മ സരോജിനി എന്നിവരാണ് അപകടസമയത്ത് ഷെഡിലുണ്ടായിരുന്നത്. സനിതയ്ക്ക് പല്ലുവേദനയായിരുന്നതിനാൽ സലിയും സനിതയും ഉറങ്ങിയിരുന്നില്ല. ഇതിനിടെ മുകളിൽ നിന്ന് ശബ്ദം കേട്ടപ്പോൾത്തന്നെ സലി കുടുംബാംഗങ്ങളെ പുറത്തിറക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഷെഡിന്റെ മേൽക്കൂരയടക്കം നിലംപൊത്തി.
കോൺക്രീറ്റ് തൂണുകളിൽ ഉറപ്പിച്ചിരുന്ന ഷെഡിന്റെ ഭൂരിഭാഗവും തകർന്നു. വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. വിവരമറിഞ്ഞ് രാത്രി തന്നെ പഞ്ചായത്തംഗം ഷാജൻ സ്ഥലത്തെത്തി. രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജിയും സ്ഥലം സന്ദർശിച്ചു. തുടർന്ന് വില്ലേജ് ഓഫീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ഷെഡ് 75 ശതമാനത്തിലധികം തകർന്നതായി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.
കാലപ്പഴക്കമുള്ള വീടിന് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ലൈഫ് പദ്ധതിയിൽ ഇവർക്ക് അനുവദിച്ച വീട് നിർമിക്കുന്നതിനും തീരദേശപരിപാലന നിയമം തടസ്സമായിരുന്നു. വീട് തകർന്നതോടെ സലിയും കുടുംബവും അടുത്തുള്ള ബന്ധുവീട്ടിലാണ് നിലവിൽ കഴിയുന്നത്.