വയറുവേദനയുമായി വന്ന യുവാവിന്റെ എക്‌സ്‌റേ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി; മലാശയത്തില്‍ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു! ഒന്നാംലോക മഹായുദ്ധകാലത്തെ പീരങ്കിയുണ്ട; ബോംബ് സ്‌ക്വാഡ് എത്തി; ആശുപത്രി ഒന്നടങ്കം ഒഴിപ്പിച്ചു; ശസ്ത്രക്രിയ; 24കാരനെതിരെ കേസെടുത്തേക്കും
ടൂലസ് (ഫ്രാന്‍സ്): ഫ്രഞ്ച് നഗരമായ ടൂലസിലെ റാംഗ്വില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ച അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍. കടുത്ത ശാരീരികാസ്വാസ്ഥ്യവുമായി എമര്‍ജന്‍സി യൂണിറ്റിലെത്തിയ 24-കാരന്റെ മലാശയത്തില്‍ നിന്ന് കണ്ടെത്തിയത് ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ സൈന്യം ഉപയോഗിച്ചിരുന്ന എട്ട് ഇഞ്ച് നീളമുള്ള ആര്‍ട്ടിലറി ഷെല്‍ (പീരങ്കിയുണ്ട). സ്‌ഫോടകവസ്തു ശരീരത്തിനുള്ളിലിരുന്ന് പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ ആശുപത്രി ഒന്നടങ്കം ഒഴിപ്പിക്കേണ്ടി വന്നു.
ജനുവരി 31-നാണ് യുവാവ് ചികിത്സ തേടിയെത്തിയത്. എക്‌സ്-റേ പരിശോധനയില്‍ മലാശയത്തിനുള്ളില്‍ ലോഹനിര്‍മ്മിതമായ ഒരു വസ്തു കണ്ടെത്തിയ ഡോക്ടര്‍മാര്‍ അത് സ്‌ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടി. വസ്തു പുറത്തെടുക്കുന്നതിനിടെ സമ്മര്‍ദ്ദമുണ്ടായാല്‍ സ്‌ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ട് ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചു. സുരക്ഷയുടെ ഭാഗമായി ആശുപത്രിയുടെ വലിയൊരു ഭാഗം ഒഴിപ്പിക്കുകയും കെട്ടിടത്തിന് ചുറ്റും കനത്ത സുരക്ഷാ വലയം തീര്‍ക്കുകയും ചെയ്തു. രോഗികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ ശേഷമാണ് ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചത്.
ജര്‍മ്മന്‍ പടയുടെ പുരാതന ഷെല്‍
വിദഗ്ധ പരിശോധനയില്‍, 1914-1918 കാലഘട്ടത്തിലെ ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ്-ഫ്രഞ്ച് സൈന്യങ്ങള്‍ക്കെതിരെ ജര്‍മ്മന്‍ സൈന്യം ഉപയോഗിച്ചിരുന്ന ഷെല്ലാണിതെന്ന് വ്യക്തമായി. പിച്ചളയും ചെമ്പും കൊണ്ട് നിര്‍മ്മിച്ച ഈ പുരാതന ഷെല്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന സംശയമാണ് പരിഭ്രാന്തി വര്‍ധിപ്പിച്ചത്. എന്നാല്‍ ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ ഇത് ഉടന്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പ് നല്‍കിയതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ അത് വിജയകരമായി പുറത്തെടുത്തു.
അബദ്ധമോ അതോ മറ്റെന്തെങ്കിലും?
പിച്ചളയും ചെമ്പും കൊണ്ട് നിര്‍മ്മിച്ച എട്ട് ഇഞ്ച് നീളമുള്ള ഈ മാരക വസ്തു എങ്ങനെ യുവാവിന്റെ ശരീരത്തിനുള്ളിലെത്തി എന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുകയാണ്. ഏതെങ്കിലും പാര്‍ട്ടിക്കിടയില്‍ സംഭവിച്ച അബദ്ധമാകാം ഇതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും, അതീവ അപകടകരമായ 'കാറ്റഗറി എ' വിഭാഗത്തില്‍പ്പെട്ട സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിനും പൊതുജനത്തെ അപകടത്തിലാക്കിയതിനും യുവാവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ ഒരുങ്ങുകയാണ്. യുവാവ് നിലവില്‍ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു. പുറത്തെടുത്ത ഷെല്‍ ബോംബ് സ്‌ക്വാഡ് സുരക്ഷിതമായി നിര്‍വീര്യമാക്കി. വിചിത്രവും എന്നാല്‍ അതീവ അപകടകരവുമായ ഈ സംഭവം ടൂലസ് നഗരത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
