ഇലക്ട്രീഷൻ ജോലിക്കായി വിദേശത്ത് പോയ യുവാവിനെ ഒന്നര വർഷത്തിന് ശേഷം കാണാതായി; ബാഗും, ഇക്കാമയും, മൊബൈൽ ഫോണുമെല്ലാം താമസിച്ചിരുന്ന മുറിയിൽ; യുവാവിന്റെ തിരോധാനത്തിൽ നോർക്കയും എംബസിയുമടക്കം കൈമലർത്തി; കാണാതായിട്ട് 8 വർഷങ്ങൾ; പ്രതീക്ഷ കൈവിടാതെ കുടുംബം

Update: 2025-03-15 12:54 GMT

തിരുവനന്തപുരം: വിദേശത്ത് ജോലിക്കായി പോയ യുവാവിനെ കാണാതായിട്ട് 8 വർഷങ്ങൾ പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതെ കുടുംബം. വെളിയംകോട് പാട്ടുകളത്തിൽ തോട്ടത്തിൽ വീട്ടിൽ രാജു രാജേന്ദ്രനെയാണ് കാണാതായത്. ഷാർജയിൽ ഒരു കമ്പനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികെയാണ് രാജുവിന്റെ അപ്രതീക്ഷിത തിരോധാനം. ഒന്നര വർഷത്തോളം കമ്പനിയിൽ യുവാവ് ജോലി ചെയ്തിരുന്നു. കാണാതായി എന്ന് പറയുന്നതിന് ദിവസങ്ങൾക്ക് മുൻപ് രാജു വീട്ടിലേക്ക് വിളിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് എംബസ്സിയുമായും, നോർക്കയുമായൊക്കെ ബന്ധപ്പെട്ടിട്ടും രാജുവിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം വലിയതുറ സ്വദേശിയായ സൈമൺ എന്നയാളാണ് ജോലി വാഗ്‌ദാനം നൽകി രാജുവിനെ വിദേശത്തേക്ക് കൊണ്ട് പോകുന്നത്. 80000 രൂപയ്ക്കാണ് വിസയ്ക്കായി ആവശ്യപ്പെട്ടിരുന്നത്. വെളിയംകോട് സ്വദേശിയായ സാജൻ എന്നയാളാണ് രാജുവിന് വിസ തരപ്പെടുത്തി നൽകിയത്. സ്മൂത്ത് ഇന്റർനാഷണൽ ടെക്നിക്കൽ കോൺട്രാക്ട് എന്ന കമ്പനിയിൽ ഇലക്ട്രീഷനായിട്ടായിരുന്നു രാജുവിന് ജോലി തരപ്പെടുത്തി നൽകിയത്. 2017 നവംബർ 28 മുതലാണ് രാജുവിനെ കാണാതായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. താമസിച്ചിരുന്ന മുറിയിൽ നിന്നും രാജുവിനെ കാണാതായെന്നായിരുന്നു വിവരം. കാണാതാവുന്നതിന്റെ തലേദിവസം രാജു വിളിച്ചിരുന്നതായി സഹോദരൻ പറയുന്നു. ഒരാഴ്ചക്ക് ശേഷം വീട്ടിൽ വരുമെന്ന് രാജു പറഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് രാജുവിനെ കാണാതാവുന്നത്. രാജുവിനെ കണ്ടെത്താൻ പല മാർഗ്ഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

രാജുവിന്റെ ബാഗും, ഇക്കാമയും, മൊബൈൽ ഫോണും അടക്കമുള്ള വസ്തുക്കൾ മുറിയിൽ തന്നെ സൂക്ഷിച്ചിരുന്നതായുമാണ് ബന്ധുക്കൾ പറയുന്നത്. രാജുവിനെ കാണാനില്ലെന്ന വിവരവും സാജനാണ് ബന്ധുക്കളെ വിളിച്ച് അറിയിക്കുന്നത്. താമസിച്ചിരുന്ന മുറിയിൽ നിന്നും രാജുവിനെ കാണാനില്ലെന്ന് വിവരമറിഞ്ഞത്തോടെ വീട്ടുകാരും പരിഭ്രാന്തിയിലായി. രാജവിനൊപ്പം കമ്പനിയിലെ ജീവനക്കാരായ മറ്റ് 5 പേരും മുറിയിലുണ്ടായിരുന്നു. ഇതിൽ ഒരാൾ രാജുവിന്റെ അയൽവാസിയായിരുന്നു. എന്നാൽ മുറിയിലുണ്ടായിരുന്നവർക്കും രാജുവിന്റെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. കാണാതായി 8 വർഷം കഴിഞ്ഞിട്ടും രാജുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

നോർക്കയിലും, ഇന്ത്യൻ എംബസിയിലും രാജുവിന്റെ തിരോധാനത്തെ കുറിച്ച് വിവരം അറിയിച്ചിരുന്നെങ്കിലും ഒരു കാര്യവുമുണ്ടായില്ല. പണമിടപാടുമായി ബന്ധപ്പെട്ട് മുറിയിലുണ്ടായിരുന്ന സുഹൃത്തുമായി രാജു തർക്കത്തിലേർപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. രാജുവിനോടൊപ്പം മുറിയിൽ താമസിച്ചിരുന്നയാൾ പണം കടമായി വാങ്ങിയിരുന്നതായാണ് സൂചന. ഈ തുക തിരികെ നല്കുന്നതായുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ ഉണ്ടായതെന്നാണ് വിവരം. കാണാതാവുന്ന നവംബർ മാസത്തിൽ രാജുവിന് ചിക്കൻപോക്സ് പിടിപെട്ടിരുന്നതായും, ആരോഗ്യനില വളരെ മോശമായിരുന്നതായുമാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ കാണാതായി ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും രാജുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അമ്മ: സുധ, സഹോദരൻ: രജീഷ്.

Tags:    

Similar News