കോവിഡ് കിറ്റില്‍ ഏത് ദ്രാവകം ഒഴിച്ചാലും അത് പോസിറ്റീവ് ആയി കാണിക്കുമോ? വാട്സ് ആപ്പില്‍ ലഭിച്ച വീഡിയോ സന്ദേശത്തിന്റെ സത്യമെന്ത്? വൈറസിനെ കണ്ടെത്താന്‍ മൂക്കിലെ സ്രവം മാത്രം സ്പെസിമെന്‍ എടുക്കണമെന്ന് അബ്ബട്ട് കമ്പനിയുടെ വെബ്സൈറ്റില്‍ വിശദീകരണം; 'കോവിഡ് ടെസ്റ്റ് കിറ്റ്' തട്ടിപ്പിന്റെ യാഥാര്‍ഥ്യമറിയാം

'കോവിഡ് ടെസ്റ്റ് കിറ്റ്' തട്ടിപ്പിന്റെ യാഥാര്‍ഥ്യമറിയാം

Update: 2025-07-01 09:59 GMT

തിരുവനന്തപുരം: ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും കോവിഡ്19 കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ മേഖല ജാഗ്രതയിലാണ്. ഈ സമയത്താണ് കോവിഡ്19 ടെസ്റ്റ് കിറ്റുകള്‍ തട്ടിപ്പാണെന്ന തരത്തില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പൈപ്പില്‍നിന്നുള്ള വെള്ളം ഉള്‍പ്പെടെ എന്ത് ദ്രാവകം ഒഴിച്ചാലും പോസിറ്റീവ് ഫലമാണ് ടെസ്റ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന് വിഡിയോയില്‍ ചൂണ്ടിക്കാണിച്ചാണ് പ്രചാരണം. വാട്‌സാപ്പുകളില്‍ വ്യാപകമായി പ്രചരിച്ച ഈ വിഡിയോയിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നാസല്‍ സ്വാബ് സാമ്പിളുകള്‍ ഉപയോഗിച്ച് SARS-COV-2 കണ്ടെത്തലിനുള്ള ദ്രുത ഇമ്മ്യൂണോക്രോമാറ്റോഗ്രാഫിക് അസ്സേ ടെസ്റ്റാണ് MeriScreen COVID-19 ആന്റിജന്‍ ടെസ്റ്റ് കിറ്റ്.

കോവിഡ് ടെസ്റ്റ് കിറ്റുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മുന്‍ മെഡിക്കല്‍കോളജ് സൂപ്രണ്ടായ ഡോ. ജയരാജ് നല്‍കുന്ന നിര്‍ദേശം എന്ന കുറിപ്പോടെയാണ് ഇത് പ്രചരിക്കുന്നത്. എന്നാല്‍, ഏത് മെഡിക്കല്‍ കോളജ് സൂപ്രണ്ടാണെന്നൊന്നും ഇതില്‍ പറയുന്നില്ല. ഒരാള്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്ന കിറ്റില്‍ വെള്ളം ഒഴിക്കുന്നതും പോസറ്റീവ് റിസള്‍ട്ട് ലഭിക്കുന്നതുമാണ് രണ്ട് മിനുട്ടും 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ ഉള്ളടക്കം. വീഡിയോക്കൊപ്പമുള്ള വിവരണത്തില്‍ കോവിഡ് കിറ്റില്‍ ഏത് ദ്രാവകം ഒഴിച്ചാലും അത് പോസിറ്റീവ് ആയി കാണിക്കും എന്നാണ് അവകാശപ്പെടുന്നത്.

വിഡിയോ നിരീക്ഷിച്ചാല്‍, അബോട്ട് എന്ന കമ്പനിയുടെ കോവിഡ്19 റാപിഡ് ടെസ്റ്റ് കിറ്റാണ് വിഡിയോയില്‍ കാണിക്കുന്നതെന്ന് വ്യക്തമാണ്. 'Abbott Panbio Covid-19 Ag' എന്നാണ് ടെസ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ (ടെസ്റ്റ് കാസറ്റ്) രേഖപ്പെടുത്തിയിട്ടുള്ളത്. അബോട്ടിനെക്കുറിച്ചും പ്രസ്തുത കിറ്റിനെക്കുറിച്ചും പരിശോധിച്ചപ്പോള്‍ ഒരു അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് അബോട്ട് എന്ന് മനസ്സിലായി. 2021ലാണ് വിഡിയോയില്‍ കാണുന്ന കിറ്റ് ഇവര്‍ ഇന്ത്യയില്‍ വിപണിയിലിറക്കിയത്. മൂക്കില്‍നിന്നുള്ള 'nasal swab' സാമ്പിള്‍/സ്പെസിമെന്‍ ഉപയോഗിച്ച് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനുള്ള ടെസ്റ്റ് കിറ്റാണിത്. വെള്ളം ഉപയോഗിച്ചല്ല ഇതില്‍ ടെസ്റ്റ് ചെയ്യേണ്ടത്. കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഇത്തരം ടെസ്റ്റ് കിറ്റില്‍ ശരിയായ ഫലം ലഭിക്കുകയുമുള്ളു.

ഈ ടെസ്റ്റ് കിറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അബ്ബട്ട് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചു. പരിശോധനയില്‍ കിറ്റിനെക്കുറിച്ച് വിശദികരിക്കുന്ന ഒരു പിഡിഎഫ് കണ്ടെത്തി. ഇതില്‍ സാര്‍സ് -CoV 2 (SARS-CoV) വൈറസിനെ കണ്ടെത്താന്‍ നാസല്‍ സ്വാബ് ഉപയോഗിച്ചു നടത്തുന്ന ടെസ്റ്റ് ആണ് 'അബ്ബട്ട് പാന്‍ബിയോ കോവിഡ്-19 എജി റാപ്പിഡ് ടെസ്റ്റ് എന്ന് പറയുന്നുണ്ട്. ഈ പിഡിഎഫിലുള്ള ടെസ്റ്റ് ലിമിറ്റേഷന്‍സ് എന്ന ഭാഗത്ത് കിറ്റ് ഉപയോഗിക്കുമ്പോള്‍ മൂക്കിലെ സ്വാബ് മാത്രം സ്പെസിമെന്‍ എടുക്കണമെന്നും അല്ലാതെ മറ്റ് തരത്തിലുള്ള സ്പെസിമെന്‍ ഉപയോഗിച്ചാല്‍ അത് തെറ്റായ ഫലങ്ങളിലേക്ക് നയികുമെന്നും വ്യക്തമാക്കുന്നു.


തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാന വീഡിയോ മുന്‍പും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് 2021 -ല്‍ അബ്ബട്ട് കമ്പനി തങ്ങളുടെ ഔദ്യോഗിക X ഹാന്‍ഡ്‌ലില്‍ ടെസ്റ്റ് കിറ്റിനെ പറ്റി വ്യക്തമാക്കി പോസ്റ്റ് ചെയ്തിരുന്നു. ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ചെയ്യുകയാണെങ്കില്‍ അത് തെറ്റായ ഫലം കാണിച്ചേക്കും എന്നാണ് പോസ്റ്റില്‍ പറയുന്നത്. അന്താരാഷ്ട്ര മാധ്യമമായ അസോസിയേറ്റഡ് പ്രസ്സ് 2021 ഡിസംബര്‍ 30-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും കോവിഡ്-19 പരിശോധനകളില്‍ വെള്ളം ഉപയോഗിക്കുന്നത് തെറ്റായ ഫലങ്ങള്‍ നല്‍കുമെന്ന് പറയുന്നുണ്ട് .

മൂക്കില്‍നിന്നുള്ള സാമ്പിള്‍ അല്ലാതെ മറ്റെന്തെങ്കിലും ഉപയോഗിച്ച് ടെസ്റ്റ് നടത്തിയാല്‍ കൃത്യമായ ഫലം ലഭിക്കുകയില്ല എന്നിവരുടെ വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട് 'The contents of this kit are to be used for the professional and qualitative detection of SARS-CoV-2 antigen from nasal swab. Other specimen types may lead to incorrect results and must not be used.' ഇതില്‍നിന്നും, കൃത്യമായ സാമ്പിള്‍ ഉപയോഗിക്കാതെ, തെറ്റായ രീതിയില്‍ ടെസ്റ്റ് നടത്തിയതിനാലാണ് വിഡിയോയില്‍ കാണുന്നപോലെ പോസിറ്റീവ് ഫലം ലഭിച്ചതെന്ന് വ്യക്തമായി.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പരിശോധിച്ചു. ടെസ്റ്റ് കാസറ്റിലേക്കാണ് പരിശോധനയ്ക്കായി സാമ്പിള്‍/സ്പെസിമെന്‍ ഒഴിക്കുന്നത്. ഈ കാസറ്റില്‍ കോവിഡ്19 ആന്റിബോഡികളുണ്ട്. നേരിട്ടു വെള്ളം ഒഴിക്കുന്നതുവഴി ഇതിലെ പിഎച്ചിനു മാറ്റം സംഭവിക്കുന്നതാണ് ഇത്തരത്തില്‍ പോസിറ്റീവ് ഫലം കാണിക്കുന്നതിനു പിന്നിലെന്നാണ് ലഭ്യമായ വിവരം. ഇക്കാരണത്താല്‍ ടെസ്റ്റ് കിറ്റുകള്‍ ഒട്ടും ഫലപ്രദമല്ല, തട്ടിപ്പാണെന്ന് പറയുന്നത് ശരിയല്ല. ഇതു സംബന്ധിച്ച് സയന്‍സ് ഡയറക്ട് എന്ന ജേര്‍ണലിലെ ഒരു പഠനത്തില്‍ പറയുന്നത് ഇപ്രകാരമാണ്

'A likely explanation for the interference could be an altered pH in these solutions, which could modulate the function of the antibodies coated in the test line. An optimal pH, stabilized by the supplied buffer, must be critical for true positivity. Deceitful methods may easily lead to misuse of COVID-19 antigen rapid tests and result in false-positive results; however, this does not prove that these tests are unreliable when performed correctly'.

കിറ്റ് ഉപയോഗിക്കുമ്പോള്‍ മൂക്കിലെ സ്വാബില്‍നിന്ന് മാത്രം സ്പെസിമെന്‍ എടുക്കണമെന്നും അല്ലാതെ മറ്റ് തരത്തിലുള്ള സ്പെസിമെന്‍ ഉപയോഗിച്ചാല്‍ അത് തെറ്റായ ഫലങ്ങളിലേക്ക് നയികുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. സമാന അവകാശവാദത്തോടെ ഇതേ വീഡിയോ മറ്റ് ഭാഷകളിലും നേരത്തേ പ്രചരിച്ചിട്ടുണ്ട്.

Tags:    

Similar News