'ജോജുവിന്റെ കീച്ചിപാപ്പന്‍ വന്നാലും ആദര്‍ശിന്റെ രോമത്തില്‍ തൊടില്ല; താന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനായിരിക്കും എന്ന് പറയാന്‍ ജോജു ഈദി അമീനോ കേരളം ഉഗാണ്ടയോ അല്ല'; നിരൂപകനെ ഭീഷണിപ്പെടുത്തി 'പണി' വാങ്ങിയ ജോജുവിനെതിരെ അബിന്‍ വര്‍ക്കിയും

'ജോജുവിന്റെ കീച്ചിപാപ്പന്‍ വന്നാലും ആദര്‍ശിന്റെ രോമത്തില്‍ തൊടില്ല

Update: 2024-11-02 10:52 GMT

തിരുവനന്തപുരം: 'പണി' സിനിമയുടെ നിരൂപണം എഴുതിയതിന്റെ പേരില്‍ നിരൂപകനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്ത്. ആദര്‍ശിന് പിന്തുണയുമായി കെ.എസ്.യു രംഗത്തു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ജോജുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജു ജോര്‍ജ്ജും രംഗത്തുവന്നത്.

ജോജുവിനെ പോലുള്ള അല്‍പ്പന്മാര്‍ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരല്‍ ചൂണ്ടി വിമര്‍ശിക്കുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി വ്യക്തമാക്കി. അതിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റൂ. അതല്ല എന്നുണ്ടെങ്കില്‍ നിത്യാനന്ദയെ പോലെ ജോജു സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കി ഏകാധിപതിയായി ജീവിക്കാമെന്നും അബിര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ലെന്നും ജോജുവിന്റെ കീച്ചിപാപ്പന്‍ വന്നാലും ആദര്‍ശ് എന്ന ചെറുപ്പക്കാരന്റെ രോമത്തില്‍ തൊടാന്‍ സാധിക്കില്ലെന്നും അബിന്‍ വര്‍ക്കി കുറിപ്പില്‍ വ്യക്തമാക്കി.

അബിന്‍ വര്‍ക്കിയുടെ കുറിപ്പ് ഇങ്ങനെ:

പണി എന്ന സിനിമ കണ്ടിട്ടില്ല. ആദര്‍ശ് എഴുതിയ നിരൂപണം പോലും വിവാദമായതിനുശേഷമാണ് വായിക്കുന്നത്. പക്ഷെ ഇത് രണ്ടും ആണെങ്കിലും ഒരു കാര്യം വളരെ വ്യക്തമായി പറയാം. ജോജു അല്ല ജോജുവിന്റെ കീച്ചിപാപ്പന്‍ വന്നാലും ആദര്‍ശ് എന്ന ചെറുപ്പക്കാരന്റെ രോമത്തില്‍ തൊടാന്‍ സാധിക്കില്ല. അനുവദിക്കുകയും ഇല്ല. ആദര്‍ശിനെ കാലങ്ങളായി അറിയാം. അക്കാഡമിക്കലി വളരെ മികച്ച ട്രാക്ക് റെക്കോഡുള്ള പ്രിയപ്പെട്ട സുഹൃത്ത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള ചെറുപ്പക്കാരന്‍.

നിലപാടുകള്‍ പറയുക മാത്രമല്ല എന്തുകൊണ്ട് താന്‍ ആ നിലപാടെടുത്തുവെന്ന് കൃത്യമായി വിശദീകരിക്കുകയും ചെയ്യും. അതിപ്പോ നമ്മെ അനുകൂലിക്കുകയാണെങ്കിലും പ്രതികൂലിക്കുകയാണെങ്കിലും. ചരിത്രബോധമുള്ള, നിയമ ബോധമുള്ള ജേണലിസ്റ്റ്. ഇങ്ങനെ പല വിശേഷണങ്ങള്‍ക്കും ഉടമയായ സൗമ്യനായ ആദര്‍ശിനെ, താന്‍ ഇട്ട ഒരു പോസ്റ്റിന്റെ പേരില്‍ ജോജുവിനെ പോലെ ഒരു സിനിമാ നടന്‍ നേരിട്ട് വിളിച്ച് അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്, ജോജു തന്നെ കൊട്ടിഘോഷിക്കുന്ന ഈ ചിത്രത്തിന്റെ മികവില്‍ അദ്ദേഹത്തിന് തന്നെ ഉറപ്പില്ല എന്നത്.

താന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനായിരിക്കും എന്ന് പറയാന്‍ ജോജു ഈദി അമീനോ കേരളം ഉഗാണ്ടയോ അല്ല. ജോജു എന്നല്ല ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ വരെ മുഖത്ത് വിരല്‍ ചൂണ്ടി വിമര്‍ശിക്കാന്‍ അനുവദിക്കുന്ന ഭരണഘടനയും നിയമവുമുള്ള ഇന്ത്യ രാജ്യത്ത് ജോജുവിനെ പോലുള്ള അല്‍പ്പന്മാര്‍ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരല്‍ ചൂണ്ടി വിമര്‍ശിക്കുക തന്നെ ചെയ്യും.

അതിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റൂ. അതല്ല എന്നുണ്ടെങ്കില്‍ നിത്യാനന്ദയെ പോലെ ജോജു സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കി ഏകാധിപതിയായി ജീവിക്കാം. ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ല.. നടത്തുകയും ഇല്ല. അത് കൊണ്ട് ഷോ നിര്‍ത്തി മടങ്ങി ജീവിതത്തിലേക്ക് വരൂ.

Tags:    

Similar News