ബലാത്സംഗക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം; സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്; തടസ ഹര്‍ജിയുമായി അതിജീവിതയും സര്‍ക്കാരും; നടനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു

നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Update: 2024-09-25 14:48 GMT

ന്യൂഡല്‍ഹി: നടി നല്‍കിയ ബലാത്സംഗ പരാതിയില്‍ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ അറസ്റ്റ് ഒഴിവാക്കന്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായാണ് രഞ്ജിത റോത്തഗി വഴി ഹര്‍ജി നല്‍കിയത്. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുമെന്നത് വ്യക്തമായതോടെ അതിജീവിത കോടതിയില്‍ തടസഹര്‍ജി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരും തടസ്സഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ബലാത്സംഗക്കേസില്‍ സുപ്രീം കോടതി ജാമ്യം നല്‍കാറുള്ളൂ

അറസ്റ്റ് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് സിദ്ദിഖ് നടത്തുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പരമോന്നത കോടതിയിലെത്തിയത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാന്‍ സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകര്‍ സംസാരിച്ചിരുന്നു. വിധിപകര്‍പ്പും കൈമാറി. ഹൈക്കോടതി വിധിയിലെ ചില പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.

പീഡനം നടന്നെന്ന് ആരോപണം ഉന്നയിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നല്‍കുന്നത്, പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും സിദ്ദിഖ് വാദിക്കുന്നു. സമൂഹത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തയാണ് താന്‍, മറ്റു ക്രമിനല്‍ കേസുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുവെന്നാണ് വിവരം. അതിജീവിത സമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ ചില പ്രസ്താവനകളും സിദ്ദിഖ് ഹര്‍ജിയില്‍ പരാമര്‍ശിച്ചേക്കും.

ഇതിനിടയില്‍ അതിജീവിത സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് അതിജീവിതയ്ക്കായി ഹാജരായേക്കും. സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി നല്‍കിയിട്ടുണ്ട്. കേസന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തും. മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ച്ച എങ്കിലും ബെഞ്ചിന് മുന്നില്‍ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ബലാത്സംഗക്കേസില്‍ സുപ്രീം കോടതി ജാമ്യം നല്‍കാറുള്ളൂ. നേരത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനുവിന്റെ കേസില്‍ ഹൈക്കോടതി ഉത്തരവ് ശരിവച്ച് കീഴടങ്ങാനുള്ള നിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.

അതേ സമയം ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ധീഖ് കേരളത്തില്‍ നിന്നും കടന്നതായി സൂചനയുണ്ട്. പ്രത്യേക അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പോലീസിന് പിടി കൊടുക്കാതെ ഒളിവില്‍ കഴിഞ്ഞ് സുപ്രീം കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയെടുക്കുകയാണ് സിദ്ധീഖിന്റെ ലക്ഷ്യം. ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് തന്നെ സിദ്ദീഖ് കൊച്ചിയില്‍ നിന്നും കടന്നിരുന്നു. അവസാനമായി സിദ്ദീഖിന്റെ ഫോണ്‍ ലൊക്കേഷന്‍ പാലാരിവട്ടത്തായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ടവര്‍ ലൊക്കേഷന്‍ ട്രൈസ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഫോണ്‍ എടുക്കാതെ കൊച്ചിയില്‍ നിന്നും സിദ്ധിഖ് കടന്നതായാണ് സംശയിക്കുന്നത്.

രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കിയെന്ന വിമര്‍ശനം ശക്തമായതോടെയാണ് കൊച്ചി പോലീസ് നടന്‍ സിദ്ധീഖിനായി തെരച്ചല്‍ ശക്തമാക്കിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാല അന്വേഷണ സംഘം അറസ്റ്റിന് നീക്കം തുടങ്ങിയെങ്കിലും, ഇതിനു മുമ്പ് തന്നെ സിദ്ദീഖ് ഒളിവില്‍ പോയിരുന്നതായാണ് സൂചന. സിദ്ധീഖിനെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി വിമാന താവളങ്ങള്‍ക്ക് കൈമാറിയിരുന്നു. പ്രതി വിദേശത്ത് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൊച്ചി ആലുവയില്‍ വീട്ടില്‍ നിന്നും കുട്ടമശേ രിയില്‍ നിന്നും മുങ്ങിയ സിദ്ധീഖിന്റെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. യുവ നടിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം ഉള്‍പ്പടെ ചുമത്തി പോലീസ് കേസെടുത്തത് സിനിമയില്‍ അവസരം വാഗ്ധാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Tags:    

Similar News