ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നാര്‍ക്കോട്ടിക് സെല്‍ എസിയുടെ നോട്ടീസ്; നീക്കം, അന്വേഷണ സംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ച പശ്ചാത്തലത്തില്‍
സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എസിയാണ് നോട്ടീസ് അയച്ചത്. സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം നേടിയതിന് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടന്‍ സിദ്ധിഖ് അന്വേഷണ സംഘത്തിന് ശനിയാഴ്ച രാവിലെ മെയില്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നടന് അനുവദിച്ചിരുന്നു.
നോട്ടീസ് നല്‍കി വിളിപ്പിച്ച് സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കുന്നതില്‍ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. ഇത് നടന്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുമെന്നുമാണ് മെയിലില്‍ പരാമര്‍ശിച്ചിരുന്നു. അറസ്റ്റ് ഉള്‍പ്പെടുളള നടപടികളിലേക്ക് പോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പിന് ശേഷം മതിയെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
2016-ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
സെപ്തംബര്‍ 24 ന്, ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നിഷേധിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശരിയായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ആറു ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ നടന്, സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടര്‍ന്ന് മലയാള സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് കേസ്.
സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തിയേറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയം മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസില്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.
സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങള്‍ക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്. വരുന്ന 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം സിദ്ദിഖ് അറിയിക്കും. അറസ്റ്റ് ഉള്‍പ്പെടുളള നടപടികളിലേക്ക് പോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പിന് ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ ധാരണ.