ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞത് അച്ചട്ടായി; ചോദ്യം ചെയ്യലില്‍ ബി. സന്ധ്യയും ബൈജു പൗലോസും മാത്രം; ദിനേന്ദ്ര കശ്യപിനെ ഇരുട്ടിലാക്കി; സെന്‍കുമാറിന്റെ കത്ത് ചൂണ്ടിക്കാട്ടി കോടതി; എസ്.ഐ.ടി. മേധാവിയുടെ അസാന്നിധ്യ കാരണം പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല; പോലീസ് ഗൂഢാലോചന എന്ന ദിലീപിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കി വിധിന്യായം
പോലീസ് ഗൂഢാലോചന എന്ന ദിലീപിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കി വിധിന്യായം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിച്ചിരുന്നു.വിധി പകര്‍പ്പ് ലഭിച്ച ശേഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നും ദിലീപ് പറഞ്ഞിരുന്നു.
'ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും' ദിലീപ് ആവശ്യപ്പെട്ടിരുന്നു. പോലീസ് ഗൂഢാലോചന എന്ന ദിലീപിന്റെ വാദം വിചാരണ കോടതിയുടെ ഉത്തരവിലും സൂചിപ്പിക്കുന്നുണ്ട്. അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ചുള്ള വിചാരണക്കോടതിയുടെ നിരീക്ഷണങ്ങളിലാണ് ഈ വാദം സൂചിപ്പിക്കുന്നത്.
വിധിന്യായത്തില്‍ കോടതി പ്രധാനമായും ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്:
എസ്.ഐ.ടി. തലവന്റെ അസാന്നിധ്യം
ദിലീപിനെ ചോദ്യം ചെയ്യുന്ന സമയത്ത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ക്രൈംസ്), പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തലവന്‍ ദിനേന്ദ്ര കശ്യപിന്റെ അസാന്നിധ്യം. അതേസമയം, ടീമിന്റെ സൂപ്പര്‍വൈസറി ഓഫീസറായിരുന്ന അന്നത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എ.ഡി.ജി.പി.) ബി. സന്ധ്യ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച വാദങ്ങളില്‍, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന സമയത്ത് കുറ്റകരമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ബി. സന്ധ്യയും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമാണ് അറസ്റ്റെന്നും ആരോപിച്ചിരുന്നു.
എസ്.ഐ.ടി. തലവന്‍ കശ്യപ് ആയിരുന്നിട്ടും, ദിലീപിനെ ചോദ്യം ചെയ്യുന്ന സമയത്ത് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബൈജു പൗലോസ് കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ സന്ധ്യയുടെ സാന്നിധ്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
സംസ്ഥാന പോലീസ് മേധാവിയുടെ കത്ത്
അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ 2017 ജൂണ്‍ 27-ന് പുറത്തിറക്കിയ ഒരു കത്ത് കോടതി ശ്രദ്ധയില്‍പ്പെടുത്തി. ഫീല്‍ഡ് തലത്തിലെ സംഭവവികാസങ്ങള്‍, ശേഖരിച്ച തെളിവുകളുടെ മൂല്യം, ഭാവി നടപടികള്‍ എന്നിവയെക്കുറിച്ച് ടീം ലീഡറെ അറിയിക്കണമെന്ന് കത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ചെയ്യാത്തത് അനാവശ്യമായ വിവാദങ്ങളിലേക്ക് നയിക്കുമെന്നും, സംശയം തെളിവിന് പകരമാകില്ലെന്നും കത്ത് അടിവരയിട്ടിരുന്നു.
ഈ കത്ത് നല്‍കിയ ശേഷവും ചോദ്യം ചെയ്യലില്‍ എസ്.ഐ.ടി. തലവന്‍ പങ്കെടുത്തില്ലെന്ന് റെക്കോഡുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 'എസ്.ഐ.ടി. മേധാവിയുടെ അസാന്നിധ്യത്തിന്റെ കാരണം പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല,' എന്നും കോടതി പറഞ്ഞു. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച്, നിര്‍ദ്ദേശങ്ങള്‍ എസ്.ഐ.ടി. മേധാവിയില്‍ നിന്നാണ് വരേണ്ടിയിരുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപിന് ചോദ്യം ചെയ്യലിനായി ഔദ്യോഗിക അറിയിപ്പ് നല്‍കിയില്ല എന്നും കോടതി നിരീക്ഷിച്ചു. ചോദ്യം ചെയ്യലിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ദിലീപിനെ നേരിട്ട് അറിയിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കുക എന്നതായിരുന്നു ഉദ്ദേശമെന്ന് കോടതി പറഞ്ഞു. ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ചോദ്യം ചെയ്യല്‍ സമയത്ത് എസ്.ഐ.ടി. മേധാവിയെ ഒഴിവാക്കിയെന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നിട്ടും, അതുകൊണ്ട് മാത്രം അറസ്റ്റിനെ നിയമവിരുദ്ധമാക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ എട്ടിന് മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ ഇട്ട പോസ്റ്റ് കൂടി വായിക്കാം:
ദിലീപ് പ്രതിയായി ഇപ്പോള്‍ വിട്ടയക്കപ്പെട്ട കേസില്‍ 2017 ല്‍ തന്നെ ഞാന്‍ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്.
കേസുകള്‍ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക , അതിനുവേണ്ടി വ്യാജമായ കാര്യങ്ങള്‍ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത് ?
ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്. അത് ഒരു പ്രീ ഡിസ്‌പോസ്ഡ് കണ്ടീഷനില്‍ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘംവും. ഓപ്പണ്‍ മൈന്‍ഡോട്കൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസില്‍ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങള്‍ പുറത്തുവരും. അതില്‍ ഒന്നായിരിക്കും ആലുവയില്‍ ട്രെയിനില്‍ നിന്ന് ഒരു സ്ത്രീയെ പുഴയില്‍ തള്ളിയിട്ടു കൊന്നു എന്ന കേസ്. നമ്മള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സത്യസന്ധര്‍ ആയിരിക്കണം.
'ഞാന്‍ അന്വേഷിക്കുന്ന കേസില്‍ എല്ലാം ഞാന്‍ പറയുന്നവര്‍ ആണ് പ്രതികള്‍ ' എന്നല്ല പറയേണ്ടത്. അതിലെ തെളിവുകള്‍ എന്തെല്ലാമാണ് , അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകള്‍ ഒരിക്കലും ഉണ്ടാക്കരുത്.
എന്റെ കേസന്വേഷണങ്ങളിലും ഞാന്‍ മേല്‍നോട്ടം വഹിച്ച കേസുകളിലും ഞാന്‍ കൃത്യമായി പാലിച്ചിട്ടുള്ളതാണ് - 'ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത് ! '. ഇതാണ് എന്റെ അഭിപ്രായം.
ദിലീപിനെ പറ്റി 2017 ല്‍ ഞാന്‍ പറഞ്ഞതും ഇതേ അടിസ്ഥാനത്തിലാണ്. ഞാന്‍ 2017 ല്‍ എനിക്ക് ലഭിച്ച അറിവുകള്‍ വെച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് ദിനേന്ദ്ര കശ്യപും , സുദര്‍ശനും (എസ് പി ) മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു. മറ്റ് സീനിയര്‍ ഓഫീസര്‍മാര്‍ ആരും എന്നോട് സംസാരിച്ചിട്ടില്ല കാരണം ഞാന്‍ സ്റ്റേറ്റ് പോലീസ് ചീഫ് ആയി 2 മാസത്തേക്കു മാത്രം തിരിച്ചു വന്നതുകൊണ്ട് ( 3 മാസം ഉണ്ടെങ്കിലേ സി ആര്‍ എഴുതാന്‍ പറ്റുള്ളൂ ). എന്നിരുന്നാലും കേസ് ഇങ്ങനെയാണെന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി.
അതുവരെയുള്ള തെളിവുകളില്‍ ദിലീപിനെ ഈ സംഭവവുമായി ബന്ധിപ്പിക്കുന്നത് ഒന്നും കണ്ടെത്തിയിരുന്നില്ല. Relevent & admissible evidence. സത്യസന്ധതയ്ക്കല്ല സ്വന്തം പ്രാമാണ്യത്തിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന ചില ഓഫീസര്‍മാര്‍ ഉണ്ട്. അതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നത്
