ദിലീപിന്റെ അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചതില്‍ ദുരൂഹത; 102 കോളുകള്‍ എങ്ങനെ വന്നു? വിശദീകരിക്കാനാവാതെ പ്രോസിക്യൂഷന്‍; 'ദിലീപിനെ പൂട്ടണം' വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ദിലീപ് എന്നതിനും തെളിവില്ല; പള്‍സര്‍ സുനി ഒളിവില്‍ പോയത് കൊണ്ടാണ് ഗൂഢാലോചന നടപ്പാക്കാന്‍ വൈകിയതെന്ന വാദവും പൊളിഞ്ഞു; 'പ്രോസിക്യൂഷന്‍ പാളിച്ചകള്‍' എണ്ണിപ്പറഞ്ഞ് വിധിന്യായം

'പ്രോസിക്യൂഷന്‍ പാളിച്ചകള്‍' എണ്ണിപ്പറഞ്ഞ് വിധിന്യായം

Update: 2025-12-15 13:59 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ ഗൂഢാലോചനാ വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് ബലം നല്‍കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപിന്റെ അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചത് ഉള്‍പ്പെടെയുള്ള ദുരൂഹതകള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ അറസ്റ്റ് നടന്ന ജൂലൈ 10, 2017 ന് വൈകിട്ട് 6:05 മുതല്‍ ജൂലൈ 17 ന് രാവിലെ 5:53 വരെ, അതായത് അറസ്റ്റിന് ശേഷവും ഈ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നു. ഈ കാലയളവില്‍ 102 ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകള്‍ ഈ ഫോണില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 11 ന് രാവിലെ ഫോണ്‍ തന്റെ കൈവശം ഏല്‍പ്പിച്ചതായി ദിലീപിന്റെ സഹോദരന്‍ മൊഴി നല്‍കിയിട്ടും, അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നതിന്റെ കാരണം വിശദീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ വൈരുദ്ധ്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ തൃപ്തികരമല്ലാത്തതും അടിസ്ഥാനമില്ലാത്തതുമായ ന്യായീകരണങ്ങളാണ് നല്‍കാന്‍ ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് വരെ ഫോണ്‍ ഉപയോഗിച്ചത് എങ്ങനെ എന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

'ദിലീപിനെ പൂട്ടണം' വാട്ട്സ്ആപ്പ് ഗ്രൂപ്പ്: ഗൂഢാലോചന തെളിഞ്ഞില്ല

ചില പ്രമുഖരെ ഉള്‍പ്പെടുത്തി 'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു ആരോപണം. ചലച്ചിത്രകാരന്‍ ആഷിഖ് അബു, മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍, ബൈജു കൊട്ടാരക്കര, എ.ഡി.ജി.പി. ബി. സന്ധ്യ തുടങ്ങിയവരുടെ പേരുകള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയാണ് 'ശക്തമായ ലോബി' നടനെ കുടുക്കുന്നുവെന്ന പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, ദിലീപാണ് ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥാപിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് കൈമാറിയ വ്യക്തിയെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. അതിനാല്‍, ഈ ഗ്രൂപ്പ് ദിലീപിന്റെ സഹായത്തോടെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗൂഢാലോചനയിലെ കാലതാമസം: പോലീസ് വാദം തള്ളി

2013-ല്‍ ഗൂഢാലോചന നടന്നെന്നും സുനിയുടെ മറ്റൊരു കേസ് കാരണമാണ് കുറ്റകൃത്യം 2017 വരെ വൈകിയതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളി. കുറ്റകൃത്യം വൈകിയത് സുനി ഒളിവിലായിരുന്നതുകൊണ്ടാണെന്ന പ്രോസിക്യൂഷന്‍ വാദം നിലനില്‍ക്കുന്നതല്ല. രേഖകള്‍ പ്രകാരം, ഈ കാലയളവില്‍ സുനി മറ്റ് ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ ഹാജരായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ദിലീപിനെതിരായ ഗൂഢാലോചനാ വാദങ്ങളില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന തെളിവുകള്‍ പോലും സ്ഥാപിക്കുന്നതില്‍ വന്ന വീഴ്ചകളും, അന്വേഷണത്തിലെ അപാകതകളുമാണ് ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ കാരണമായതെന്ന് വിധിന്യായം വ്യക്തമാക്കുന്നു.

Tags:    

Similar News