'ആ തെറ്റിദ്ധാരണ മാറി; നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല'; ഗുരുതര കുറ്റകൃത്യമെങ്കിലും പരാതിക്കാരന്റെ നിലപാട് അംഗീകരിച്ച് ഹൈക്കോടതി; കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കി; നടി ലക്ഷ്മി ആര്‍ മേനോന് ആശ്വാസം

Update: 2025-11-07 10:03 GMT

കൊച്ചി: നടി ലക്ഷ്മി ആര്‍ മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ലക്ഷ്മിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു എന്നായിരുന്നു കേസ്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ബാറില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് 24-ന് രാത്രി പബ്ബില്‍ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറില്‍ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കള്‍ പരാതിക്കാരനെ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

തെറ്റിദ്ധാരണയുടെ പേരിലാണ് പരാതി നല്‍കുന്ന സാഹചര്യമുണ്ടായതെന്നാണ് മര്‍ദ്ദനമേറ്റ ഐടി ജീവനക്കാരന്‍ ആലുവ സ്വദേശി അലിയാര്‍ ഷാ' സലിം ഹൈക്കോടതിയെ അറിയിച്ചത്. തെറ്റിദ്ധാരണ മാറിയെന്നും, ലക്ഷ്മി മേനോന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ലെന്നും പരാതിക്കാരന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ലക്ഷ്മി.ആര്‍.മേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഗുരുതര കുറ്റകൃത്യമെങ്കിലും പരാതിക്കാരന്റെ നിലപാട് അംഗീകരിച്ചായിരുന്നു കോടതി നടപടി.

വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളായ മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരായിരുന്നു പ്രതികള്‍. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍, അസഭ്യ വര്‍ഷം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.എന്നാല്‍ ഐടി ജീവനക്കാരനും സുഹൃത്തുക്കളും തന്നെയും കൂടെയുണ്ടായിരുന്ന വനിതാ സുഹൃത്തിനെയും അവഹേളിക്കാന്‍ ശ്രമിക്കുകയും കാറില്‍ പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു നടി ജാമ്യഹര്‍ജിയില്‍ പറഞ്ഞത്.

Tags:    

Similar News