സ്ത്രീകള്‍ എങ്ങനെ വേഷമിടണമെന്ന് തീരുമാനിക്കുന്നത് രാഹുല്‍ ആണോ? റേപ്പ് സീനില്‍ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യാമെന്ന തരത്തില്‍ പറഞ്ഞുവെക്കുന്നത് എന്ത് തെമ്മാടിത്തരമാണ്; രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ചു നടി ശ്രിയ രമേശ്
സ്ത്രീകള്‍ എങ്ങനെ വേഷമിടണമെന്ന് തീരുമാനിക്കുന്നത് രാഹുല്‍ ആണോ?
തിരുവനന്തപുരം: ഹണി റോസ് വിഷയത്തില്‍ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ചു കൊണ്ട് രംഗത്തുവന്ന രാഹുല്‍ ഈശ്വറിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ശ്രിയ രമേശ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാമെന്ന് കരുതരുതെന്ന് അവര്‍ പറഞ്ഞു. ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? എന്നാണ് ശ്രിയ ചോദിക്കുന്നത്.
സമൂഹത്തില്‍ വ്യാപകമായി ഹണി റോസിന്റെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനങ്ങളുണ്ട് എന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ ശ്രിയ രംഗത്തു വന്നിരിക്കുന്നത്. പെണ്‍ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശില്‍പ്പങ്ങളിലും ധാരാളം കേള്‍ക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദുചെയ്യണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുമോ? എന്നും ശ്രിയ ചോദിക്കുന്നു.
സിനിമയില്‍ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തില്‍ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്. അത്തരക്കാരെ ചര്‍ച്ചയില്‍ നിന്ന് അവതാരകര്‍ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാന്‍ ഉള്ളതെന്നും ശ്രിയ പറയുന്നു.
ശ്രിയ രമേശിന്റെ വാക്കുകള്‍
പെണ്‍ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശില്‍പ്പങ്ങളിലും ധാരാളം കേള്‍ക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദുചെയ്യണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളിലുമുള്ള ശില്‍പ്പങ്ങള്‍ തകര്‍ക്കുവാന്‍ ഇയാള്‍ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്സി ഇടീക്കുമോ?
ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാള്‍ക്ക് അറിയില്ലെ? മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മില്‍ സൗഹൃദമോ പ്രൊഫഷണല്‍ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയന്റില്‍ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാല്‍ അതിനെതിരേ പ്രതികരിക്കുവാനും ആവശ്യമെങ്കില്‍ പരാതി നല്‍കുവാനും സ്ത്രീക്ക് അവകാശമുണ്ട്. ഹണിയും അതേ ചെയ്തുള്ളൂ.
അതിന് അവരുടെ വസ്ത്രധാരണം മുതല്‍ അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമര്‍ശനങ്ങളുമായി ചാനലുകള്‍ തോറും കയറി ഇറങ്ങി പ്രതികരിയ്ക്കുവാന്‍ നടക്കുന്നു. കുറ്റാരോപിതനേക്കാള്‍ സ്ത്രീവിരുദ്ധതയായാണ് അതില്‍ പലതും എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. സിനിമയില്‍ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തില്‍ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്. അത്തരക്കാരെ ചര്‍ച്ചയില്‍ നിന്ന് അവതാരകര്‍ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാന്‍ ഉള്ളത്.
മാധ്യമ ചര്‍ച്ചകള്‍ നയിക്കുന്നവരോട് ഒന്നു പറഞ്ഞുകൊള്ളട്ടെ, അന്തിചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരുടെ പോര്‍വിളികളും വര്‍ഗ്ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിന്റെ കൂടെ സ്ത്രീവിരുദ്ധത പറയുവാന്‍ കൂടെ അവസരം ഒരുക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആഭാസത്തരം പറയുവാന്‍ അവസരം നല്‍കരുത്.
'ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ വിമര്‍ശിക്കാന്‍ മടികാണിക്കാത്ത രാഹുല്‍ ഈശ്വറിന് ഹണി റോസിനെ വിമര്‍ശിക്കാന്‍ മടിയുണ്ടാവുമോ എന്നത് ചിന്തിച്ചാല്‍ മതി. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല. വിമര്‍ശിക്കാതിരിക്കാന്‍ അവര്‍ മദര്‍ തെരേസയൊന്നും അല്ലല്ലോ. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണ്. വാക്കുകള്‍ അമിതമാകരുത്. വസ്ത്രധാരണത്തില്‍ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ഇങ്ങനെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍.