സ്വയം ന്യായീകരിക്കാന്‍ ജോജു ആര്‍മി പാടുപെടുന്നു; 'പണി' സിനിമയില്‍ ബലാല്‍സംഗം ചിത്രീകരിച്ച രീതി ശരിയെന്ന് ജോജു ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? റിവ്യൂ ബോംബിങ്ങിന് എന്തുതെളിവ്? പോസിറ്റീവ് പ്രൊമോഷന്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് എത്ര രൂപ നല്‍കി? വിവാദത്തില്‍ ജോജുവിനോട് 5 ചോദ്യങ്ങളുമായി ആദര്‍ശ്

ജോജുവിനോട് ചോദ്യങ്ങളുമായി ആദര്‍ശ്

Update: 2024-11-02 18:18 GMT

കൊച്ചി: പണി സിനിമവിവാദത്തില്‍ നിരൂപകനും ബ്ലോഗറുമായ ആദര്‍ശ് എച്ച് എസ് സ്‌പോയ്‌ലര്‍ പ്രചരിപ്പിച്ചുവെന്ന സംവിധായകന്‍ ജോജു ജോര്‍ജിന്റെ ആരോപണത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആദര്‍ശിന്റെ മറുപടി.

സ്വയം ന്യായീകരിക്കാന്‍ മറ്റൊന്നും കൈവശമില്ലാതെ വന്നപ്പോള്‍ സിനിമയുടെ സ്‌പോയിലര്‍ പറഞ്ഞു എന്ന രീതിയില്‍ 'ജോജു ആര്‍മി' കമന്റിടുകളുന്നുണ്ട്. എന്നാല്‍, പണി സിനിമയുടെ ട്വിസ്റ്റ് വെളിപ്പെടുത്തുന്നതോ കഥയെ കുറിച്ച് പറയുന്നതോ ആയ ഒരു ഭാഗവും താന്‍ പങ്ക് വച്ചിട്ടില്ലെന്ന് ആദര്‍ശ് പറഞ്ഞു. സിനിമയില്‍ ഒരു റേപ്പ് സീനുണ്ട്, അത് ചിത്രീകരിച്ചിരിക്കുന്ന രീതി മുന്‍പ് ചൂഷണം നേരിട്ടിട്ടുള്ളവര്‍ക്ക് വിഷമമുണ്ടാക്കും എന്നാണ് പറഞ്ഞത്. കഥയില്‍ ആ റേപ്പിന്റെ പശ്ചാത്തലമോ ആരാണ് റേപ്പ് ചെയ്യപ്പെടുന്നതെന്നോ ഒന്നും എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ആദര്‍ശിന്റെ വാദം.

ഇതിനൊപ്പം തന്റെ ചോദ്യങ്ങള്‍ക്ക് ഇനിയെന്നാണ് മറുപടി ലഭിക്കുക എന്നും ആദര്‍ശ് ചോദിക്കുന്നു. സ്വന്തം സിനിമയില്‍ rape ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയാണെന്ന് ജോജു ജോര്‍ജ് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നതടക്കം അഞ്ചുചോദ്യങ്ങളാണ് ആദര്‍ശ് ചോദിക്കുന്നത്.

ആദര്‍ശിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വയം ന്യായീകരിക്കാന്‍ മറ്റൊന്നും കൈവശമില്ലാതെ വന്നപ്പോള്‍ സിനിമയുടെ സ്‌പോയിലര്‍ പറഞ്ഞു എന്ന രീതിയില്‍ ജോജു ആര്‍മി കമെന്റുകളില്‍ നിറയുന്നുണ്ട്. പലവട്ടം വിശദീകരണം നല്‍കിയെങ്കിലും മനസ്സിലാകാത്ത അവര്‍ക്കായി ഒരിക്കല്‍ കൂടി പറയുന്നു.

1) ഈ സിനിമയുടെ ട്വിസ്റ്റ് വെളിപ്പെടുത്തുന്നതോ കഥയെ കുറിച്ച് പറയുന്നതോ ആയ ഒരു ഭാഗവും പങ്ക് വച്ചിട്ടില്ല. സിനിമയില്‍ ഒരു റേപ്പ് സീനുണ്ട്, അത് ചിത്രീകരിച്ചിരിക്കുന്ന രീതി മുന്‍പ് abuse നേരിട്ടിട്ടുള്ളവര്‍ക്ക് triggering ആണെന്നാണ് പറഞ്ഞത്. കഥയില്‍ ആ റേപ്പിന്റെ context എന്താണെന്നോ ആരാണ് റേപ്പ് ചെയ്യപ്പെടുന്നതെന്നോ ഒന്നും എവിടെയും പറഞ്ഞിട്ടില്ല.

2) സ്‌പോയ്‌ലര്‍ അലെര്‍ട് വയ്ക്കാതിരുന്നത് മനഃപൂര്‍വ്വമാണ്. സ്‌പോയ്‌ലര്‍ അലെര്‍ട് വച്ചാല്‍ ആ പോസ്റ്റ് വായിക്കുക സിനിമ കണ്ടവരായിരിക്കും. എന്നാല്‍ triggering content ല്‍ നിന്നും രക്ഷ വേണ്ടത് സിനിമ കാണാന്‍ പോകുന്നവര്‍ക്കാണ്. ജീവിതത്തില്‍ abuse അനുഭവിച്ച ഒരു മനുഷ്യന്റെയും അതിജീവനവും മാനസികാരോഗ്യവും ഈ സിനിമ കാരണം നഷ്ടപ്പെടരുത് എന്നുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്.

3) Rape എന്ന വിഷയം മലയാള സിനിമയിലോ ലോക സിനിമയിലോ ആദ്യമായി ചിത്രീകരിക്കപ്പെടുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ context വെളിപ്പെടുത്താതെ സിനിമയിലെ rape രംഗം triggering ആകാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത് സ്‌പോയ്‌ലര്‍ ആണെന്ന വാദം തീര്‍ത്തും അപ്രസക്തമാണ്.

താങ്കളുടെ വെട്ടുകിളി കൂട്ടങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി തന്ന് കഴിഞ്ഞു. ഇനിയെന്നാണ് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുക?

1) സ്വന്തം സിനിമയില്‍ rape ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയാണെന്ന് ജോജു ജോര്‍ജ് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

2) താങ്കളുടെ സിനിമ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് എങ്കിലും കാണാന്‍ പാകത്തിനുള്ളതാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

3) ഈ സിനിമയ്ക്ക് ശരിക്കും ലഭിക്കേണ്ടിയിരുന്നത് A സര്‍ട്ടിഫിക്കറ്റ് അല്ലേ?

4) ഞാന്‍ ചെയ്തത് റിവ്യൂ ബോംബിങ് ആണെന്ന് ആരോപിക്കാന്‍ ജോജുവിന്റെ പക്കല്‍ എന്ത് രേഖയാണ് ഉള്ളത്? നാല് ഗ്രൂപുകളില്‍ share ചെയ്തു എന്നത് ഞാന്‍ തന്നെ പറഞ്ഞതാണ്. അതിനും അപ്പുറത്തേക്ക് എന്ത് തെളിവാണ് താങ്കളുടെ പക്കല്‍?

5) സ്വന്തം സിനിമയുടെ പോസിറ്റീവ് പ്രൊമോഷന്‍ ചെയ്യാന്‍ വേണ്ടി നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് എത്ര രൂപ നല്‍കിയെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താന്‍ തയ്യാറാണോ?

Nb : പണിയുടെ പോസ്റ്റര്‍ ഈ പോസ്റ്റിനോപ്പം നല്‍കണം എന്ന് ആഗ്രഹിച്ചതാണ്. പക്ഷേ അത്തരം പോസ്റ്റുകളെല്ലാം copyright ഉപയോഗിച്ച് delete ചെയ്യിക്കുന്നത് കൊണ്ട് അതിന് മുതിരുന്നില്ല. ഞാന്‍ പണി സിനിമയെ കുറിച്ച് എഴുതിയ റിവ്യൂ മേല്പറഞ്ഞ രീതിയില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.


Full View

ജോജു സംവിധാനം ചെയ്ത സിനിമ പണി'യുടെ നിരൂപണം എഴുതിയെന്ന പേരിലാണ് ആദര്‍ശിനെ ജോജു നേരില്‍ വിളിച്ചതും ഭീഷണിപ്പെടുത്തിയതും. താരത്തിന്റെ ഭീഷണി റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടു 'മറുപണി' കൊടുത്തതോടെ സൈബറിടത്തില്‍ ആദര്‍ശ് താരമായി. ജോജു ആകട്ടെ കിട്ടിയ ക്ഷീണം തീരാന്‍ വേണ്ടി നിയമ നടപടി എന്നൊക്കെ പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ കൊച്ചെര്‍ക്കനെ മുള്ളിക്കാന്‍ ഇറങ്ങി സ്വയം മുള്ളിയ അവസ്ഥയിലാണ് ജോജു ഇപ്പോള്‍ ഉള്ളത്.

ഭീഷണിക്ക് ചെവികൊടുക്കാതെ തന്റെ നിലപാട് വ്യക്തമാക്കിയ ആദര്‍ശിന് സൈബറിടത്തില്‍ വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരും, കെഎസ് യുക്കാരും അടക്കം പിന്തുണയുമായി രംഗത്തുവന്നു. കോണ്‍ഗ്രസുമായി അത്ര രസത്തിലല്ലാത്ത ജോജുവിന് ഇതോടെ സൈബറിടത്തില്‍ വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്.

അതേസമയം തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കി ആദര്‍ശ് മാധ്യമങ്ങളിലൂടെ രംഗത്തുവന്നു. പണി സിനിമക്ക് യുഎ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണമെന്നാണ് അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞത്. കുട്ടികള്‍ ഉള്‍പ്പെടെ കാണുന്ന സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് താന്‍ റിവ്യൂ എഴുതിയത്. സിനിമ മോശം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭയമില്ല, ജോജുവിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നുംആദര്‍ശ് പ്രതികരിച്ചു.

ജനങ്ങള്‍ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങള്‍ തിരിച്ചറിയും. ചിത്രത്തിന്റെ ക്ലൈമാക്സൊക്കെ വളരെയധികം വയലന്‍സുള്ള ക്ലൈമാക്സാണ്. എട്ടും പത്തും വയസുള്ള കുട്ടികള്‍ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ട് ഏതെങ്കിലും രീതിയില്‍ അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചാല്‍ ജോജു ജോര്‍ജ് സമാധാനം പറയുമോ? അല്ലെങ്കില്‍ ഇവിടുത്തെ സെന്‍സര്‍ ബോര്‍ഡ് സമാധാനം പറയുമോ? അങ്ങനെയുള്ളവര്‍ക്ക് ഒരു ട്രിഗറിംഗ് ഉണ്ടാവരുതെന്ന് മുന്‍നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ അത്തരത്തിലൊരു പോസ്റ്റ് ഇട്ടത്. അല്ലാതെ ആ സിനിമയെ ഏതെങ്കിലും രീതിയില്‍ ഡീഗ്രേഡ് ചെയ്യണമെന്ന് കരുതിയിട്ടില്ല.

വാട്ട്സാപ്പ് ഗ്രൂപ്പുകളിലൊന്നും പണിയെക്കുറിച്ചുള്ള റിവ്യൂ പങ്കുവച്ചിട്ടില്ല. ആകെ നാല് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മാത്രമാണ് ഷെയര്‍ ചെയ്തത്. റിവ്യൂ ബോംബിങ് എന്താണെന്ന് അറിയാത്തതിന്റെ പ്രശ്നമാണ്. റിവ്യൂ ബോബിങ് എന്നാല്‍ ഒരു സിനിമയെ തകര്‍ക്കാന്‍ ആ സിനിമയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോ ആ ചിത്രം എന്താണെന്നതിനെ മറച്ചുവച്ചോ ഫേക്കായി ഒരു നരേറ്റീവ് സൃഷ്ടിച്ചുകൊണ്ട് വളരെ മാസ്സായി ഒരു നീക്കം നടത്തുന്നതാണ്. എന്റെ പോസ്റ്റിന് ആകെ കിട്ടിയത് 200 ലൈക്കാണ്. ആ 200 ലൈക്ക് വച്ചിട്ട് ഞാനിവിടെ എന്ത് റിവ്യൂ ബോംബിങ് നടത്താനാണ്. ഞാന്‍ കാണുന്ന എല്ലാ സിനിമകളെക്കുറിച്ചും എഴുതാറുണ്ട്. ഒരു ഗവേഷക വിദ്യാര്‍ഥിയാണ് ഞാന്‍.

അശ്വന്ത് കോക്കിനെപ്പോലെ ഫോളോവേഴ്സുള്ള ആളല്ല. സിനിമ നല്ലതാണെന്ന ഒരു പെയ്ഡ് പ്രമോഷന്‍ ഉണ്ടാക്കിവച്ചിട്ട് തിയറ്ററില്‍ പോയി കാണുമ്പോള്‍ ട്രിഗറിംഗ് അനുഭവിക്കേണ്ടി വരുന്ന മനുഷ്യന് നാളെ ഉപഭോക്തൃ കോടതിയില്‍ പോയി പരാതി കൊടുക്കാന്‍ പറ്റുമോ? സത്യം പറഞ്ഞാല്‍ ഒരു ബ്രാന്‍ഡിനെ ഒരു സിനിമയെ ഇല്ലാത്തതാണെന്ന് പറഞ്ഞ് ചിത്രീകരിക്കുന്നത് ഇദ്ദേഹമാണ്. ഞാന്‍ എനിക്ക് തോന്നിയ കാര്യം വളരെ ചെറിയൊരു ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തതിന് ഇത്ര പ്രകോപിതനാകണ്ട കാര്യമില്ല. താന്‍ വസ്തുതകള്‍ മാത്രമാണ് ഷെയര്‍ ചെയ്തതെന്നും ആദര്‍ശ് പറഞ്ഞു.

ജോജു ജോര്‍ജിനെ അത്രക്ക് സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അവരുടെ കുട്ടികളെയും കൊണ്ടുവന്ന് സിനിമ കാണട്ടെ. കുട്ടികളുടെ കണ്ണ് പൊത്തിയിട്ടല്ലാതെ ആ സിനിമ കാണാന്‍ സാധിക്കില്ല. ആ സിനിമക്ക് യുഎ സര്‍ട്ടിഫിക്കറ്റ് കൊടുത്തതു തന്നെ ചര്‍ച്ച ചെയ്യപ്പെടണം. ജോജുവുമായി എനിക്ക് വ്യക്തിപരമായ ഒരു പ്രശ്നവുമില്ല. ആ സിനിമ കണ്ടു അഭിപ്രായം പറഞ്ഞു എന്നൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ..അതിനാണ് ഇത്ര രോഷാകുലനായത്. ബേസിക്കലി അദ്ദേഹത്തിന്റെ അസഹിഷ്ണുതയാണ്. രണ്ടാമത് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. പിന്നെ ഇതൊരു തരത്തില്‍ ഒരു ഒളിച്ചോട്ടമാണെന്നും ആദര്‍ശ് പറയുന്നു.

Full View


നേരത്തെ ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കാര്യം ആദര്‍ശാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇനിയൊരിക്കലും ജോജു മറ്റൊരാളാടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഓഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുന്നത് എന്നാണ് ആദര്‍ശ് പറയുന്നത്. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്നാല്‍, അത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ കണ്ടിട്ടുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്ന് ആദര്‍ശ് പറയുന്നു. നിനക്ക് ധൈര്യമുണ്ടോ എന്റെ മുന്നില്‍ വരാന്‍ എന്ന് ജോജു ചോദിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

Tags:    

Similar News