മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്‍ക്കാന്‍ തന്ത്രം മാറ്റാന്‍ സര്‍ക്കാര്‍

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുമെന്ന് സൂചന

Update: 2024-09-21 00:37 GMT

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുമെന്ന് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഇന്ന് അറിയാം. അജിത് കുമാറിനെ മാറ്റണമെന്ന് സിപിഎം നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അജിത് കുമാറിന് എതിരാണ്. സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ മുന്നണിക്കകത്തും പുറത്തും നിലപാട് കടുപ്പിച്ച് രംഗത്തിറങ്ങിയതോടെ, ക്രമസമാധാനച്ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍.അജിത്കുമാറിനെ നീക്കാന്‍ മുഖ്യമന്ത്രിക്കു മേല്‍ കടുത്ത സമ്മര്‍ദം ശക്തമാണ്.

ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ ഡിജിപി ചോദ്യംചെയ്തിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി അന്ന് ചോദിച്ചിരുന്നില്ല. വരുംദിവസങ്ങളില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യും. ആര്‍ എസ് എസ് കൂടിക്കാഴ്ച പോലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം ഗൗരവത്തോടെ എടുക്കണമെന്നാണ് സിപിഐയുടെ നിലപാട്. തൃശൂര്‍ പൂര വിവാദത്തിലും എഡിജിപി പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെ കടുത്ത സമ്മര്‍ദ്ദം മുഖ്യമന്ത്രിക്കുണ്ട്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ക്രമസമാധാനച്ചുമതലയില്‍ തുടരുന്ന അജിത്കുമാറിനെതിരെ പിവി അന്‍വര്‍ കടന്നാക്രമണവും നടത്തുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് 11ന് മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതോടെ അജിത്കുമാറിനെ നീക്കുമെന്ന പ്രചരണവും ശക്തമായി.

ഒക്ടോബര്‍ നാലിന് നിയമസഭാസമ്മേളനവും തുടങ്ങുകയാണ്. സഭാതലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും, എ.ഡി.ജി.പി. അജിത്കുമാറുമായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം. അജിത്കുമാറിനെതിരേയുണ്ടായ ക്രിമിനല്‍ ആരോപണങ്ങളില്‍ അന്വേഷണത്തിനുശേഷം നടപടിയെന്ന വാദം സഖ്യകക്ഷികള്‍ അംഗീകരിച്ചേക്കും. എന്നാല്‍, ആര്‍.എസ്.എസ്. നേതാവുമായുള്ള രഹസ്യകൂടിക്കാഴ്ച രാഷ്ട്രീയപ്രശ്‌നമാണ്. ഇതില്‍ അന്വേഷണം കഴിഞ്ഞ് നടപടിയെന്ന മുഖ്യമന്ത്രിയുടെ വാദം ഇടതുകക്ഷികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. കൂടിക്കാഴ്ചയ്ക്ക് സ്ഥിരീകരണം ഉള്ള സാഹചര്യത്തിലാണ് ഇത്. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടാണ് പോലീസ് മേധാവിക്കുമുള്ളത്. അതിനാല്‍, എ.ഡി.ജി.പി.യെ തത്കാലത്തേക്കെങ്കിലും കൈവിടാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതമാകും.

ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ അജിത്കുമാറിനെതിരെ നടപടിയെടുക്കൂ എന്നാണ് മുഖ്യമന്ത്രിയുടെ പഴയ നിലപാട്. സമ്മര്‍ദമേറുന്ന സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഡിജിപി നല്‍കുമെന്നും സൂചനയുണ്ട്. മലപ്പുറത്തെ സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തെ സഹായിച്ചു, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിലെ അന്വേഷണം അട്ടിമറിച്ചു എന്നിവയടക്കം പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും ഡിജിപി പരിശോധിക്കുന്നുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ടവരുടെ മൊഴി അന്വേഷണ സംഘം വൈകാതെ രേഖപ്പെടുത്തും. ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്‍വറിന്റെ മൊഴി എടുത്തിരുന്നു.

എഡിജിപി: അജിത്കുമാറിനും മുന്‍ എസ്പി സുജിത്ദാസിനുമെതിരായ വിജിലന്‍സ് അന്വേഷണം തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 എസ്പി: ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തും. ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍, സിഐ: കിരണ്‍ തുടങ്ങിയവരുള്‍പ്പെട്ടതാണു സംഘം. അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, സ്വര്‍ണക്കടത്ത് എന്നിവയടക്കമുള്ള പരാതികളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസമാണുള്ളത്.

ആര്‍.എസ്.എസ്. നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി.യെ സംരക്ഷിച്ചുനിര്‍ത്തുന്നതല്ല ഇടതുനയം എന്ന ആക്ഷേപമുയരുന്നത് ഇടതുപക്ഷത്തുനിന്നുതന്നെയാണ്. കടുത്തനടപടിക്കുവേണ്ടി ആവശ്യപ്പെടുന്നതും ഭരണപക്ഷംതന്നെ. ഈ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനം നിര്‍ണായകമാണ്. അതിനാല്‍, ഇനിയും വഷളാവാതെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി പ്രശ്‌നം തീര്‍ക്കാനുള്ള ആലോചനയാണ് നടക്കുന്നത്. അജിത്കുമാറിനെ അപ്രധാന തസ്തികയിലേക്കുമാറ്റി എതിര്‍പ്പ് ശമിപ്പിക്കാനാണ് ശ്രമം.

Tags:    

Similar News