സിപിഐ അവകാശ വാദം തെറ്റ്; സിപിഎമ്മിനും ഇനി വീമ്പു പറയാനാകില്ല; എഡിജിപി അജിത്കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും നീക്കിയതില്‍ ഡിജിപിയുടെ എസ് ഐ ടി അന്വേഷണത്തിനു ബന്ധമില്ലെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; അജിത് കുമാര്‍ പോലീസ് മേധാവിയാകുമോ?

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍നടപടിയെന്ത് എന്ന ചോദ്യത്തിന് 'റിപ്പോര്‍ട്ട് പരിശോധിച്ചുവരുന്നു' എന്ന മറുപടിയാണു നല്‍കിയത്.

Update: 2024-10-15 01:42 GMT

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കിയതില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ നടത്തിയ എസ്‌ഐടി അന്വേഷണത്തിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി സമ്മതിക്കുമ്പോള്‍ വെട്ടിലാകുന്നത് സിപിഎമ്മും സിപിഐയും. സാധാരണ മാറ്റമായിരുന്നു അതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത്. അജിത് കുമാറിന്റെ മാറ്റത്തില്‍ അവകാശവാദം ഏറ്റെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തു വന്നിരുന്നു. ഇത്തരമൊരു വിഷയത്തിലാണ് പിണറായി മറ്റൊരു നിലപാട് പറയുന്നത്.

പി.വി.അന്‍വര്‍ നല്‍കിയ പരാതി അന്വേഷിച്ച എസ്‌ഐടി കഴിഞ്ഞ അഞ്ചിനു റിപ്പോര്‍ട്ട് നല്‍കിയെന്നും റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി കെ.കെ.രമ, കെ.ബാബു തുടങ്ങിയവരുടെ ചോദ്യത്തിനു നിയമസഭയില്‍ മറുപടി നല്‍കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍നടപടിയെന്ത് എന്ന ചോദ്യത്തിന് 'റിപ്പോര്‍ട്ട് പരിശോധിച്ചുവരുന്നു' എന്ന മറുപടിയാണു നല്‍കിയത്. ആര്‍ എസ് എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച വിവാദമായിരുന്നു. ഈ ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘവും എഡിജിപിക്കെതിരെ വാദങ്ങള്‍ നിരത്തി. ഇതിന്റെ പേരിലായിരുന്നു മാറ്റമെന്നായിരുന്നു പൊതുവേയുള്ള രാഷ്ട്രീയ ചര്‍ച്ച.

പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് അടുത്ത വര്‍ഷം ഡിജിപി പദം ഒഴിയും. ഈ ഘട്ടത്തില്‍ പോലീസ് മേധാവിയായി പിണറായി സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുക അജിത് കുമാറിനെയാകുമെന്ന് റിപ്പോര്‍ട്ട്. ഇതിന് വേണ്ടിയാണ് ഈ കള്ളക്കളികള്‍ എന്ന വാദം ശക്തമാണ്. അജിത് കുമാറിനെ ചുമതലയില്‍ നിന്നും മാറ്റിയ ഉത്തരവിലും കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഇതിനൊപ്പം തൃശൂര്‍ പൂരം അടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പുറത്തുവിടില്ല.

സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ അജിത്കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട ഘട്ടത്തില്‍ എസ്‌ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനം എന്നു പറഞ്ഞാണു മുഖ്യമന്ത്രി വൈകിപ്പിച്ചത്. ഒക്ടോബര്‍ അഞ്ചിന് റിപ്പോര്‍ട്ട് ലഭിച്ചു. ക്രമസമാധാനച്ചുമതലയില്‍നിന്ന് അജിത്കുമാറിനെ നീക്കിയതു പിറ്റേന്നാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ മുഖ്യമന്ത്രി നടപടിയെടുത്തെന്ന തരത്തിലുള്ള പ്രചാരണമാണ് സിപിഎം ഇപ്പോഴും നടത്തുന്നത്. ഇതിനെ തള്ളുന്നതാണു നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. സിപിഐയുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്ന് അവരും പറഞ്ഞു. എന്നാല്‍ അതൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടു പോലുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മുഖ്യമന്ത്രി സഭ വിട്ടതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. അന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് പ്രമേയം ചര്‍ച്ചക്ക് എടുത്തത്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായും പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ വോയിസ് റെസ്റ്റ് നിര്‍ദേശിച്ചതായും സ്പീക്കര്‍ അറിയിച്ചു. പാര്‍ലമെന്റി കാര്യമന്ത്രിയെ സഭാ നടപടികള്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചതായും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. അജിത് കുമാര്‍ വിഷയത്തില്‍ മറുപടി പറയാനുള്ള മടിയാണ് ഈ വിട്ടു നില്‍ക്കലിന് പിന്നിലെന്ന വാദം ശക്തമായിരുന്നു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭ വിട്ടത് വിവാദമാവുകയും ചെയ്തു. രാവിലെ നിയമസഭ ആരംഭിച്ചത് മുതല്‍ നിയമസഭയിലുണ്ടായിരിക്കുകയും ചോദ്യത്തോര വേളയിലും സബ്മിഷനും ശ്രദ്ധക്ഷണിക്കലും നടക്കുമ്പോള്‍ മറുപടി പറയുകയും ചെയ്ത മുഖ്യമന്ത്രിയാണ് അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് സഭ വിട്ടത്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാനില്ലാത്തതിനാല്‍ മുഖ്യമന്ത്രി മുങ്ങിയതാണെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു.

Tags:    

Similar News