സ്വര്‍ണ്ണ കടത്തിലെ 100 കേസുകളിലേക്ക് അന്വേഷണം നീട്ടി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ നീക്കം; പൂരം അട്ടിമറിയിലേക്ക് 'മുകളില്‍ നിന്നുള്ള' നിര്‍ദ്ദേശവും ചര്‍ച്ചകളില്‍; എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം അതിവേഗം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; എഡിജിപിക്ക് വീണ്ടും താക്കോല്‍ സ്ഥാനം കിട്ടിയേക്കും
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന് താമസിയാതെ പോലീസ് താക്കോല്‍ സ്ഥാനം നല്‍കും. ഇതിന് വേണ്ടി എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെയുള്ള എല്ലാ അന്വേഷണവും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തനിക്കെതിരായ എല്ലാ ആരോപണവും അന്വേഷിക്കണമെന്ന് അജിത് കുമാറും കഴിഞ്ഞ ദിവസം പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള ആരോപണങ്ങളിലും അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്നത്.
ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന അജിത്കുമാറിന്റെ ഭാഗത്ത് പൂരം സുരക്ഷയില്‍ വീഴ്ച സംഭവിച്ചോ എന്നതു സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷിക്കുന്നത്. പൂരം കലക്കലിലെ ഗൂഢാലോചന വിശദമായി അന്വേഷിച്ചു കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിയെയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാന്‍ ഇന്റലിജന്‍സ് മേധാവിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അജിത്കുമാറിന്റെ അവിഹിത സ്വത്തു സമ്പാദനം വിജിലന്‍സ് അന്വേഷിച്ചു. അന്വേഷണം പൂര്‍ത്തിയായി. ഈ റിപ്പോര്‍ട്ട് ഉടന്‍ പോലീസ് മേധാവിയ്ക്ക് കൈമാറും. എത്രയും വേഗം ബാക്കി അന്വേഷണം പൂര്‍ത്തിയാക്കണം.
ഇനിയുള്ള ഒരന്വേഷണവും ഈ മാസം പൂര്‍ത്തിയാകില്ലെന്നു കണ്ടാണു വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചത്. അതിനിടെ വിജിലന്‍സ് അന്വേഷണം നീട്ടാനും നിക്കമുണ്ടെന്ന സൂചന സര്‍ക്കാരിന് കിട്ടി. പുതിയ പല ന്യായങ്ങളും ഉയര്‍ത്താനാണ് നീക്കം. 100ലേറെ കേസുകളാണു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ അന്‍പതിലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ കേസും വിശദമായി അന്വേഷിക്കണമെങ്കില്‍ കുറഞ്ഞത് 6 മാസം വേണ്ടിവരുമെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
മൂന്നുനാലു കേസുകള്‍ സാംപിള്‍ ആയി പരിശോധിച്ച ശേഷം, പൊതുകണ്ടെത്തലായി അന്വേഷണം അവസാനിപ്പിക്കാനാണു വിജിലന്‍സ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്നാണ് സര്‍ക്കാര്‍ സംശയം. പൂരം അലങ്കോലപ്പെട്ടതില്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. പൂരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് അന്വേഷണം ഉടന്‍ തീര്‍ക്കാന്‍ നിര്‍ദേശം.
പൂര സ്ഥലത്തു സംഘര്‍ഷമുണ്ടായ സമയത്തു 2 പൊലീസുകാരുടെ കസ്റ്റഡിയിലാണ് ആംബുലന്‍സ് ഉണ്ടായിരുന്നത്. 'മുകളില്‍' നിന്നുള്ള നിര്‍ദേശ പ്രകാരം അവരാണു സുരേഷ് ഗോപിക്ക് ആംബുലന്‍സ് വിട്ടുനല്‍കിയത് എന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് എന്നെ കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ എന്തു വേണമെങ്കിലും അന്വേഷിക്കാം. അന്വേഷണത്തിലൂടെ എല്ലാം തെളിയണമെന്ന് പോലീസ് മേധാവിയോട് ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ ബറ്റാലിയന്‍ എഡിജിപിയായ അജിത് കുമാര്‍ അവധിയിലാണ്. 28നേ തിരുവനന്തപുരത്ത് എത്തൂ.
അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിലെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറി. ഇതിനൊപ്പം സ്വര്‍ണ്ണ കടത്തിലെ കള്ളമൊഴി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി പി വിജയനും പോലീസ് മേധാവിയ്ക്ക് കത്ത് നല്‍കി. ഈ കത്ത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. അതിനിടെയാണ് തനിക്കെതിരെ എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന് വീണ്ടും അജിത് കുമാര്‍ പോലീസ് മേധാവിയോട് ആവശ്യപ്പെടുന്നത്. അജിത് കുമാറിന് ഡിജിപി ഗ്രേഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഓരോന്നായി പുറത്തു വരുന്നത്.
എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതി. തനിക്കു കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആര്‍.അജിത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിനു മൂന്നാഴ്ച മുന്‍പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സാധാരണനിലയില്‍ ഡിജിപിക്കു തന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന 2 മുതിര്‍ന്ന ഓഫിസര്‍മാര്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ പരാതി, 'ആവശ്യമായ' നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറി. ഈ സാഹചര്യത്തില്‍ കൂടിയാണ് തനിക്കെതിരായ പരാതി പോലീസ് മേധാവി അന്വേഷിക്കണമെന്ന ധ്വനിയോട് കൂടി അജിത് കുമാറിന്റെ ആവശ്യമെത്തുന്നത്.