എഡിജിപിയ്‌ക്കെതിരെ ഒടുവില്‍ നടപടി; എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി; ബറ്റാലിയന്റെ ചുമതല തുടരും; നടപടി സ്ഥാന മാറ്റത്തില്‍ മാത്രം ഒതുക്കാന്‍ നീക്കം; മനോജ് എബ്രഹാമിന് പകരം ചുമതല; മുഖ്യമന്ത്രി നേരിട്ടെത്തി ഉത്തരവില്‍ ഒപ്പുവെച്ചു

ക്രമസമാധാന ചുമതലയില്‍നിന്ന് അജിത് കുമാര്‍ തെറിച്ചു

Update: 2024-10-06 16:04 GMT

തിരുവനന്തപുരം: ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ എന്നിങ്ങനെ സര്‍ക്കാരിന് തലവേദനയായ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്റെ ചുമതല തുടരും. എഡിജിപിയുടെ വാദങ്ങള്‍ തള്ളി ഡിജിപി റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി സ്ഥാന മാറ്റത്തില്‍ മാത്രം ഒതുക്കിയെന്നതാണ് ശ്രദ്ധേയം. എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്ക് മാറ്റികൊണ്ടാണ് സര്‍ക്കാര്‍ നടപടി.

ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറുമ്പോള്‍ പകരം ഇന്റലിജന്‍സ് എഡിജിപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ ഇറങ്ങും.

നേരത്തെ എഡിജിപി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്.

രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയിരുന്നു.എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ആര്‍ എസ് എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണവും ഡിജിപി റിപ്പോര്‍ട്ടില്‍ തള്ളി.

പിവി അന്‍വര്‍ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിദാന്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തില്‍ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുളളത്. ഈ രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആര്‍എസ്എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ അജിത് കുമാറിന് വിനയായത് ആര്‍എസ്എസ് കൂടിക്കാഴ്ചയാണ്. വന്‍ വിവാദങ്ങള്‍ക്കിടെയാണ് ഒടുവില്‍ എഡിജിപിക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുന്നത്.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി.

കഴിഞ്ഞ കുറേ നാളുകളായി പി.വി. അന്‍വര്‍ എം.എല്‍.എ. അജിത് കുമാറിനെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫില്‍ നിന്ന് പിണങ്ങി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് വരെ എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിവി അന്‍വറിനെ എത്തിച്ചിരുന്നു. എ.ഡി.ജി.പി. അജിത് കുമാര്‍ - ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ചതിനു പിന്നാലെ ശക്തമായി പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നു.

തൃശ്ശൂര്‍പ്പൂരം കലക്കല്‍ ആരോപണവും എ.ഡി.ജി.പിക്കെതിരേ ശക്തമായിരുന്നു. എന്നാല്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ.ഡി.ജിപിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എ.ഡി.ജി.പിയെ മാറ്റിയേ തീരൂ എന്ന നിലപാടില്‍ സി.പി.ഐയും രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴും മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രിക്ക് നടപടി എടുക്കേണ്ടി വന്നു എന്നുവേണം കരുതാന്‍.

Tags:    

Similar News