അപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെ

Update: 2026-02-08 04:18 GMT

തിരുവനന്തപുരം: കാര്‍ അപകടത്തിന് പിന്നാലെ നടന്‍ മണിയന്‍പിള്ള രാജു നടത്തിയത് പോലീസിനെ പോലും വട്ടംചുറ്റിച്ച തന്ത്രപരമായ നീക്കങ്ങളാണെന്ന് സൂചന. അപകടത്തിന് പിന്നാലെ രാജു ഒളിവില്‍ പോയത് രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്താന്‍ കഴിയാത്ത അത്രയും സമയം പിന്നിടാനാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. അപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചതായി വിവരമുണ്ട്. ഇതിന് പിന്നാലെ ഫോണ്‍ ഓഫ് ചെയ്ത് അപ്രത്യക്ഷനായ അദ്ദേഹം, പോലീസിന് തന്നെ കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിവില്‍ കഴിയുകയായിരുന്നു.

മ്യൂസിയം പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളില്‍, പോലീസിനെ രാജു പൂര്‍ണ്ണമായും ചതിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അപകടം നടന്ന രാത്രി തന്നെ മണിയന്‍പിള്ള രാജുവിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം വീട്ടിലില്ലെന്ന മറുപടി നല്‍കി പോലീസ് മടങ്ങുകയായിരുന്നു. അപകടം നടന്ന രാത്രി രണ്ട് വട്ടം പോലീസ് വീട്ടിലെത്തിയെങ്കിലും താരം അവിടെയുണ്ടായിരുന്നില്ല. പിറ്റേദിവസം രാവിലെ മാത്രമാണ് രാജു പോലീസിനെ വിളിച്ചതും സ്റ്റേഷനില്‍ ഹാജരായതും. വൈദ്യപരിശോധന വൈകിപ്പിക്കാന്‍ നടത്തിയ ഈ നീക്കത്തിലൂടെ ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും വിമര്‍ശനമുയരുന്നു. ഇനി ഈ കേസില്‍ പോലീസിന് ഒന്നും ചെയ്യാനാകില്ല.

രാജുവിനെ രക്ഷിക്കാന്‍ പോലീസ് ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജു പോലീസിനെ വിളിച്ചുവെന്ന വാദത്തെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. അപകടത്തിന് പിന്നാലെ കാര്‍ ഒളിപ്പിച്ചതും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തെ വഴിതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ വീഴ്ചയല്ല, മറിച്ച് പ്രതിയുടെ തന്ത്രപരമായ ഒളിച്ചോട്ടമാണ് വൈദ്യപരിശോധന വൈകാന്‍ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ നന്ദുവിന്റെ ഏക മകന്‍ ഒരു വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ആ മകന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഗംഭീര ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ അരങ്ങേറിയത്. ഈ ആഡംബര പാര്‍ട്ടിയില്‍ മദ്യവുംവിളമ്പിയിരുന്നുവെന്നാണ് സൂചനകള്‍. വിരുന്നിന് ശേഷം ക്ലബ്ബില്‍ നിന്നും കാറില്‍ പുറത്തിറങ്ങിയ നടന്‍ മണിയന്‍പിള്ള രാജു നിമിഷങ്ങള്‍ക്കകം ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നന്ദുവിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചതിന്റെ ഓര്‍മ്മയ്ക്കായി നടത്തിയ ചടങ്ങില്‍ പങ്കെടുത്തിറങ്ങിയ ആള്‍ തന്നെ മറ്റൊരു വാഹനാപകടമുണ്ടാക്കി രണ്ട് യുവാക്കളുടെ ജീവിതം തകര്‍ത്തുവെന്നതാണ് വിരോധാഭാസം.

അപകടത്തിന് ശേഷം മ്യൂസിയം പോലീസ് കാണിച്ച അമിത 'മര്യാദ'യ്ക്ക് പിന്നില്‍ അതിശക്തമായ ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജുവന്റെ കള്ളം പറച്ചിലുകള്‍ പോലീസിനെ തന്നെ വെട്ടിലാക്കി. പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് യുവാക്കളെ റോഡില്‍ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തെ രാത്രിയില്‍ തന്നെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. ഇതിന് പിന്നില്‍ ചില ഫോണ്‍ വിളികളായിരുന്നുവെന്ന് ആരോപണമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ മ്യൂസിയം പോലീസ് പ്രയോഗിച്ച അതേ 'ടൈമിംഗ്' തന്ത്രമാണ് ഇവിടെയും ആവര്‍ത്തിച്ചത്. മദ്യപാനം തെളിയിക്കാനാകാത്ത വിധം കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് താരം ഹാജരാകുന്നതുവരെ പോലീസ് കാത്തുനിന്നു. ചിക്കുന്‍ഗുനിയ ആണെന്ന് പറഞ്ഞ് പൊതുപരിപാടിയില്‍ പങ്കെടുത്ത രാജുവിന്റെ വാദങ്ങളിലെ പൊള്ളത്തരം പോലീസ് കണ്ടില്ലെന്ന് നടിച്ചു.

പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും അവഗണിച്ച് കടന്നുകളഞ്ഞത് കൊലപാതക ശ്രമമായി കാണുന്നതിന് പകരം, കേവലം കൈയ്യബദ്ധമാക്കി മാറ്റാന്‍ സ്വാധീനം സഹായിച്ചു. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന പച്ചക്കള്ളമാണ് പറഞ്ഞത്. എന്നാല്‍ താരം അവിടെത്തന്നെയുണ്ടായിരുന്നുവെന്നും, മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള സമയം വരെ പോലീസിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നുമാണ് സൂചന. ഒടുവില്‍ എല്ലാം ആവിയാക്കി താരം ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ നാണക്കേടിലാകുന്നത് നീതിന്യായ വ്യവസ്ഥയാണ്.

Tags:    

Similar News