സ്വാശ്രയ കോളേജുകളില്‍ യുജിസി യോഗ്യത നിര്‍ബന്ധം; കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലേക്ക്, ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാരും ഉത്തരവിറക്കി; 982-ഓളം വരുന്ന സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്; മാനേജ്‌മെന്റുകള്‍ ആശങ്കയില്‍; വിദ്യാര്‍ത്ഥികള്‍ ഇനിയും പുറത്തേക്കൊഴുകും

Update: 2026-02-08 05:11 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും യുജിസി യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അധ്യാപകര്‍ക്ക് കൃത്യമായ യോഗ്യതയില്ലെങ്കില്‍ കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ കര്‍ശന നിലപാടിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിര്‍ണ്ണായക നീക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇത് സംസ്ഥാനത്തെ 982-ഓളം വരുന്ന സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വാശ്രയ കോളേജുകളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അധ്യാപക നിയമനം നടത്തുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കുലറിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടുകളില്‍ ഭേദഗതി വരുത്താന്‍ കേരള, എംജി, കാലിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ഗവര്‍ണറുടെ കടുത്ത നിലപാടില്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ ആശങ്കയിലാണ്. 2021-ലെ സ്വാശ്രയ കോളേജ് നിയമത്തില്‍ യോഗ്യത നേടാന്‍ അധ്യാപകര്‍ക്ക് ഇളവ് അനുവദിച്ചിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ആ ആനുകൂല്യം ഇല്ലാതാവുകയാണ്.

സര്‍ക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കം കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന് മാനേജ്മെന്റുകള്‍ ഭയപ്പെടുന്നു. യോഗ്യരായ അധ്യാപകരുടെ അഭാവം മൂലം കോളേജുകള്‍ പ്രതിസന്ധിയിലായാല്‍, ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബികള്‍ ഇത് മുതലെടുക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ തന്നെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തേക്ക് ചേക്കേറുന്ന സാഹചര്യത്തില്‍, സ്വാശ്രയ മേഖലയിലെ ഈ അനിശ്ചിതത്വം വിദ്യാര്‍ത്ഥികളുടെ വന്‍തോതിലുള്ള ഒഴുക്കിന് കാരണമായേക്കാം.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ യുജിസി കരട് മാര്‍ഗ്ഗരേഖ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് 'നെറ്റ്' നിര്‍ബന്ധമല്ലെന്ന നിര്‍ദ്ദേശം നിലവിലുണ്ട്. എന്നാല്‍ പിഎച്ച് ഡി വേണം. 75 ശതമാനം മാര്‍ക്കോടെ നാല് വര്‍ഷ ബിരുദമോ അല്ലെങ്കില്‍ പിഎച്ച്ഡിയോ ഉള്ളവര്‍ക്ക് അധ്യാപകരാകാമെന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം യുജിസി യോഗ്യത കര്‍ശനമാക്കുന്നത് അധ്യാപകര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. പഴയ ചട്ടങ്ങളും പുതിയ പരിഷ്‌കാരങ്ങളും തമ്മിലുള്ള ഈ പോരാട്ടം സ്വാശ്രയ കോളേജുകളുടെ അഫിലിയേഷനെ തന്നെ ബാധിക്കുമെന്ന അവസ്ഥയാണ്.

450-ഓളം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് അധ്യാപകരുടെ ഭാവിയും ഇതോടെ ചോദ്യചിഹ്നമാവുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനാണോ അതോ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കാനാണോ ഈ നീക്കം ഉപകരിക്കുക എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Tags:    

Similar News