ഹൊസബളളയുമായി സംസാരിച്ചത് മിനിറ്റുകള്‍; റാം മാധവുമായി നടത്തിയത് ഷെയ്ക് ഹാന്‍ഡ് മാത്രം; എന്നാല്‍ തില്ലങ്കേരിയുമായി ചര്‍ച്ച നടത്തിയത് 4 മണിക്കൂര്‍! എഡിജിപിയ്ക്ക് വിനയായി വയനാട്ടിലെ കൂടിക്കാഴ്ച; എംവി ഗോവിന്ദന് തെളിവ് നല്‍കി വയനാട് സിപിഎം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി. വയനാട്ടിലുണ്ടായിരുന്നു
തിരുവനന്തപുരം: ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ പുതിയ വിവാദം. ആര്‍ എസ് എസിലെ മറ്റൊരു പ്രമുഖനുമായും അജിത് കുമാര്‍ ചര്‍ച്ച നടത്തിയതാണ് വിവാദം. ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിയുമായാണ് ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ എ.ഡി.ജി.പി. നാലുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ളയെ കണ്ടിരുന്നത് വലിയ ചര്‍ച്ചയായി. ഇതിനിടെ കോവളത്തെ റാം മാധവ് കൂടിക്കാഴ്ചയും വിവാദമായി. ഇതെല്ലാം കുറച്ചു സമയം മാത്രം നീണ്ട കൂടിക്കാഴ്ചയായിരുന്നു. ഇത് പറഞ്ഞായിരുന്നു എഡിജിപി പ്രതിരോധം തീര്‍ത്തത്.
എന്നാല്‍ വല്‍സന്‍ തില്ലങ്കേരിയുമായി നാലു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും വിവരം ലഭിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി. വയനാട്ടിലുണ്ടായിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പി.ക്കും കൈമാറിയിട്ടുണ്ട്. എം.ആര്‍. അജിത്കുമാറിന് ആര്‍.എസ്.എസ്. നേതാക്കളുമായുള്ള അടുത്തബന്ധത്തിന് തെളിവായി ഇതും ചര്‍ച്ചയാകും. എ.ഡി.ജി.പി.യെ കണ്ടത് വത്സന്‍ തില്ലങ്കേരി നിഷേധിച്ചില്ല.
വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമംനടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് സി.പി.എം. വയനാട് ജില്ലാനേതൃത്വം എ.ഡി.ജി.പി.-തില്ലങ്കേരി കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇതിനെ ഗൗരവത്തിലാണ് എടുക്കുന്നത്. സിപിഎം സംസ്ഥാന നേതൃയോഗങ്ങളിലും ഈ വിഷയം ചര്‍ച്ചയാകും. ആര്‍ എസ് എസുമായി അജിത് കുമാറിനുള്ള ബന്ധത്തിന് തെളിവായി തില്ലങ്കേരി കൂടികാഴ്ചയും ചര്‍ച്ചയാകും.
നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ എഡിജിപി എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കുന്നതു സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അജിത്കുമാറിനൊപ്പം മറ്റ് എഡിജിപിമാര്‍ക്കും സ്ഥാനമാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അജിത് കുമാറിനെ ഭരണപരമായ സൗകര്യമെന്ന സാങ്കേതികത്വം പറഞ്ഞു മറ്റൊരു ചുമതലയിലേക്കു നീക്കിയാല്‍ മതിയെന്ന അഭിപ്രായമാണു സിപിഎമ്മിലുള്ളത്.
പി.വി.അന്‍വര്‍ ഉന്നയിച്ച പരാതിയില്‍ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. വ്യാഴാഴ്ചയോടെ ഒരു മാസം പൂര്‍ത്തിയാകും. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെയാണ് പുതിയ ആര്‍ എസ് എസ് കൂടിക്കാഴ്ചാ വിവാദം.
തൃശൂര്‍ പൂരം അലങ്കോലമായതു സംബന്ധിച്ച് എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്, ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ കൈവശമുണ്ട്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും നിയമസഭയില്‍ അതിശക്തമായി പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്.
തൃശൂര്‍ പൂരം കലങ്ങിയതിലെ പങ്കും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിഷയങ്ങളാണ്. രണ്ടും സിപിഐ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.